ചെറുതോണി ആസിഡ് ആക്രമണക്കേസ്; രണ്ടുപേർ പിടിയിൽ
വ്യക്തി വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ്
ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തടിയമ്പാട് സ്വദേശി ജിനീഷ്, പാമ്പാടുംപാറ സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.
ഒമ്പതാം തീയതിയാണ് ലൈജുവിന് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ കാർ തടഞ്ഞ് നിർത്തി ലൈജുവിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിനീഷിനെയും സുഹൃത്ത് രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കേസിന്റെ ആദ്യഘട്ടത്തിൽ പൊലീസിനെതിരെ വ്യാപാരികൾ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളും തുണയായി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ലൈജു അപകടനില തരണം ചെയ്തു.