വിജയ് ബാബുവിനെതിരായ കേസില്‍ അവൾക്കൊപ്പമല്ല അവനൊപ്പം, എന്‍റെ അവാർഡ് ഇന്ദ്രൻസേട്ടന് സമര്‍പ്പിക്കുന്നു: മൂര്‍

'ആണുങ്ങള്‍ക്ക് ആര്‍ക്കുമൊന്നും പറയാന്‍ പറ്റില്ല. റെയ്പ്പായി, മീ ടൂവായി, പ്രശ്നങ്ങളായി'

Update: 2022-05-29 12:56 GMT
Advertising

നിർമാതാവിനെതിരെ പരാതി ഉയർന്നതിന്റെ പേരിൽ ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്ന് അവഗണിച്ചത് ശരിയായില്ലെന്ന് നടൻ മൂർ. തന്‍റെ അവാർഡ് ഇന്ദ്രൻസിന് സമർപ്പിക്കുന്നു. വിജയ് ബാബുവിനെതിരായ പീഡന പരാതി വിശ്വസിക്കുന്നില്ല. വിഷയത്തിൽ അവൾക്കൊപ്പമല്ല, അവനൊപ്പമാണെന്നും മൂർ മീഡിയവണിനോട് പറഞ്ഞു. കളയിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയത് മൂർ ആണ്.

"സിനിമയ്ക്ക് അങ്ങനെയൊന്നുമില്ലെന്നേ. ഒരു പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതി അതില്‍ അഭിനയിച്ച ആളുകളെ തള്ളിക്കളയുന്നതിനോട് എനിക്ക് യോജിപ്പില്ല. ആ കേസ് തന്നെ... അഞ്ചാറുവട്ടം ഒരേ സ്ഥലത്തേക്ക് ഒരാളുടെ കൂടെ പോയിട്ട് പീഡിപ്പിക്കപ്പെടുക എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം നില്‍ക്കുന്നത് ട്രെന്‍ഡായി നില്‍ക്കുന്നു. അവനൊപ്പവും ആളുകള്‍ വേണ്ടേ? എനിക്കെതിരെ മീ ടൂവോ റെയ്പ്പോ എന്തുവന്നാലും ഞാന്‍ സഹിക്കും. അങ്ങനെയല്ലാതെ ഒരു നിവൃത്തിയില്ല. ആണുങ്ങള്‍ക്ക് ആര്‍ക്കുമൊന്നും പറയാന്‍ പറ്റില്ല. റെയ്പ്പായി, മീ ടൂവായി, പ്രശ്നങ്ങളായി. എനിക്ക് കിട്ടിയ അവാര്‍ഡ് ഇന്ദ്രന്‍സേട്ടന്‍ ഉള്‍പ്പെടെ ഹോമിലെ എല്ലാവര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നു" 

കോവിഡ് കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്ത ഹോം സിനിമയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒളിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം നിറയെ കയ്യടി നേടി. മഞ്ജു പിള്ളയുടെ കുട്ടിയമ്മയെന്ന കഥാപാത്രവും പ്രശംസ നേടി. ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഹോം സിനിമയ്ക്ക് പുരസ്കാരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷച്ചവര്‍ നിരാശയിലായതോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം തുടങ്ങിയത്. ചിത്രത്തിന്‍റെ നിര്‍മാതാവ് വിജയ് ബാബു കേസില്‍ പെട്ടത് കാരണമാണ് പുരസ്കാരത്തില്‍ നിന്ന് ഹോമിനെ ഒഴിവാക്കിയതെന്ന ആരോപണം ഉയർന്നു. സിനിമ ജൂറി കാണരുതെന്ന് ആഗ്രഹിച്ചവരുണ്ടാകുമെന്ന് നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചു. സിനിമ പരിഗണിക്കാത്തതിലുള്ള വിഷമം മഞ്ജു പിള്ളയും പങ്കുവെച്ചു.

എന്നാല്‍ ഇന്ദ്രന്‍സിന്‍റെ ആരോപണം ചലച്ചിത്ര അക്കാദമി അധികൃതര്‍ നിഷേധിച്ചു. അന്തിമ ജൂറി കണ്ട 29 ചിത്രങ്ങളില്‍ ഹോമും ഉള്‍പ്പെട്ടിരുന്നു. ജൂറി സിനിമ കണ്ടതിന് തെളിവുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News