നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ വാദം ഇന്ന്
അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് വിചാരണ കോടതി ഇന്നലെ കൈമാറി
കൊച്ചി: നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രാഥമിക വാദം ഇന്ന് വിചാരണ കോടതിയിൽ നടക്കും. അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് വിചാരണ കോടതി ഇന്നലെ കൈമാറി.
ദിലീപുൾപ്പടെ പത്ത് പ്രതികൾക്കാണ് പകർപ്പ് നൽകിയത് . ദിലീപിന്റെ സുഹൃത്ത് ശരത്തിനെയാണ് കൂടുതലായി പ്രതി ചേർത്തത്.കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവത നൽകിയ ഹരജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിയിരുന്നു. തുടരന്വേഷണം ശരിയായ രീതിയിൽ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കാൻ വിചാരണക്കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു ഹരജിയിലെ ആരോപണങ്ങൾ.
ഇതിനെതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ജഡ്ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്.