അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി എം.ആർ അജിത് കുമാർ

ഈ മാസം 14 മുതൽ അനുവദിച്ചിരുന്ന അവധി പിൻവലിക്കാനാണ് അപേക്ഷ നൽകിയത്

Update: 2024-09-11 02:07 GMT
Advertising

തിരുവനന്തപുരം: ഈ മാസം 14 മുതൽ നാല് ദിവസം സർക്കാർ അനുവദിച്ചിരുന്ന അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി എം.ആർ അജിത് കുമാർ. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ ഐപിഎസ് തലത്തിൽ വലിയ അഴിച്ചുപണി സർക്കാർ നടത്തിയിരുന്നു. ഗുരുതര ആരോപണം നേരിട്ട മലപ്പുറം എസ്.പി ശശിധരനെയടക്കം തൽസ്ഥാനത്തുനിന്ന് മാറ്റി. എന്നാൽ, എഡിജിപിയുടെ കസേരക്ക് മാത്രം ഇളക്കം സംഭവിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധി പിൻവലിക്കാൻ എം.ആർ അജിത് കുമാർ അപേക്ഷ നൽകിയത്. ഓണം പ്രമാണിച്ചായിരുന്നു അവധി അപേക്ഷ നൽകിയിരുന്നത്.

ബുധനാഴ്ച എൽഡിഎഫ് യോഗം നടക്കുന്നുണ്ട്. ഇതിലും എഡിജിപിയുടെ വിഷയമടക്കം ചർച്ചയാകാനാണ് സാധ്യത. അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് വലിയ അതൃപ്തിയുണ്ട്.

എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് നേരിട്ടാണ് അന്വേഷിക്കുക.

കൂടിക്കാഴ്ചയിൽ സർവീസ് ചട്ടലംഘനമോ അധികാര ദുർവിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക. വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കാനും ആലോചനയുണ്ട്. ഈ അന്വേഷണമായിരിക്കും ആദ്യം പൂർത്തിയാക്കുക. ഇതിനു ശേഷമായിരിക്കും അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിലെ അന്വേഷണം.

ഏറ്റവും ഗുരുതര ആരോപണം എന്ന നിലയ്ക്കാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യംതന്നെ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിജിപിയുടെ നീക്കം. സന്ദർശനം എഡിജിപി എന്ന നിലയ്ക്കായിരുന്നോ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നോ എന്നൊക്കെയും അന്വേഷിക്കും.

ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ ഇത് അവഗണിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷമടക്കം കടുത്ത വിമർശനവുമായി രംഗത്തെത്തി. കൂടിക്കാഴ്ച നടന്നതായി എഡിജിപി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News