താലിബാനെതിരെ പറഞ്ഞതിന്‍റെ രോഷം മീഡിയവൺ കാണിച്ചു : കെ.അനിൽ കുമാർ
മറക്കുട മാറ്റി നമ്പൂതിരി സ്ത്രീകൾ പുറത്തിറങ്ങിയതും രണ്ടാം വിവാഹം സാധ്യമായതുമെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിന്‍റെ ഭാഗമാണ്
കോഴിക്കോട്: താലിബാനെതിരെ പറഞ്ഞതിന്‍റെ രോഷം മീഡിയവണ്‍ കാണിച്ചുവെന്ന് സി.പി.എം നേതാവ് കെ.അനില്‍കുമാര്‍. അനിലിന്‍റെ തട്ടം പരാമര്‍ശത്തെ പിന്തുണച്ച് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഐഷ പി.ജമാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് അനില്‍കുമാറിന്‍റെ പ്രതികരണം. തട്ടം ഇടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ് അനില്‍ കുമാര്‍ പറഞ്ഞതെന്നും ആ സ്വാതന്ത്ര്യം ലഭിക്കാൻ കേരളത്തിൽ ഇടപെട്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയും പുരോഗമന പ്രസ്ഥാനങ്ങളുമാണെന്നുമായിരുന്നു ഐഷയുടെ കുറിപ്പ്.
അതേസമയം താൻ പറഞ്ഞതിൽ നിന്ന് ഒരു ഭാഗം അടർത്തിയെടുത്ത് വികൃതമാക്കിയെന്ന് അനില്‍ കുമാര്‍ ആരോപിച്ചു. പറഞ്ഞത് കുട്ടികളുടെ ചോയ്സിനെ കുറിച്ചാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മാതാചാരത്തിനും എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കെ.ടി ജലീലിന്‍റെ പരാമർശത്തിന്‍റെ തെറ്റായ പ്രചാരണത്തിൽ വീണവർ തെറ്റ് തിരുത്തുമെന്നായിരുന്നു അനിൽകുമാറിന്‍റെ മറുപടി.
അഡ്വ.ഐഷ പി.ജമാലിന്‍റെ കുറിപ്പ്
മലപ്പുറത്ത് വരുന്ന പുതിയ പെൺകുട്ടിളെ കാണൂ നിങ്ങൾ.. തട്ടം തലയിൽ ഇടാൻ വന്നാൽ അത് വേണ്ട എന്ന് പറയുന്ന പുതിയ പെൺകുട്ടികളും മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടായതിന്‍റെ ഭാഗമായി തന്നെ... വിദ്യാഭ്യാസം ഉണ്ടായതിന്‍റെ ഭാഗമായി തന്നെ..എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതാണ് സഖാവ് അനിൽ കുമാർ നടത്തിയ പ്രസംഗത്തിന്‍റെ വിവാദഭാഗം.
തട്ടം തലയിൽ ഇടാൻ വന്നാൽ എന്നാണ് അദ്ദേഹം പറഞ്ഞത്.. തട്ടം ഇടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ്. ആ സ്വാതന്ത്ര്യം ലഭിക്കാൻ കേരളത്തിൽ ഇടപെട്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയും പുരോഗമന പ്രസ്ഥാനങ്ങളുമാണ്.. വിദ്യാഭ്യാസമാണ് സ്ത്രീക്കുള്ള ഭരണഘടന അവകാശത്തേപറ്റി അവരെ ബോധവതികൾ ആക്കിയത്. തട്ടം ഇടാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതോടൊപ്പം ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് എന്നാണ് മുസ്‍ലിം ലീഗ് ജമാഅത് വാദികൾ തിരിച്ചറിയുക.
മറക്കുട മാറ്റി നമ്പൂതിരി സ്ത്രീകൾ പുറത്തിറങ്ങിയതും, രണ്ടാം വിവാഹം സാധ്യമായതുമെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിന്‍റെ ഭാഗമാണ്. തൊഴിൽ എടുക്കാൻ നമ്പൂതിരി സ്ത്രീകളോട് ആഹ്വാനം ചെയ്ത സഖാവ് ഇ എം എസ് നെ കുറിച്ചും അനിൽകുമാർ സഖാവ് ഈ പ്രസംഗത്തിൽ പറഞ്ഞ് പോകുന്നുണ്ട്. ഒരു തൊഴിലും കിട്ടിയില്ലെങ്കിൽ തോട്ടി പണി എങ്കിലും ചെയ്യൂ എന്നാണ് അവരോട് അദ്ദേഹം പറഞ്ഞത്.. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആത്മാഭിമാനം ഉയരുന്നതിനെ പറ്റി തികഞ്ഞ ബോധം കമ്മ്യൂണിസ്റ്റുകാർക്കുണ്ട്...
സഖാവ് അനിൽകുമാർ ഇത് മാത്രമല്ല ധാരാളം കാര്യങ്ങൾ litmus ന്‍റെ വേദിയിൽ ഇന്നലെ സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ കുത്തി തിരിപ്പ് കൊണ്ടാണെങ്കിൽ കൂടി ആ വീഡിയോ പൂർണ്ണമായി കാണാൻ അവസരം ഒരുക്കിയതിനു നന്ദി.
അനില്‍കുമാറിന്‍റെ കുറിപ്പ്
മീഡിയവൺ തന്നെ സമ്മതിച്ചതിനു നന്ദി.. ഇന്നലത്തെ മീഡിയവൺ ചർച്ചയിൽ ഞാൻ ഒരു കാര്യം ചൂണ്ടിക്കാട്ടി. അരവാചകത്തിൽ നിന്നു് ഒരു വാർത്താ സാധ്യതയുണ്ട് എന്നായിരുന്നു മീഡിയവൺ ആങ്കർ നിഷാദ് റാവുത്തറുടെ വാദം. എൻ്റെ പ്രസംഗത്തിൽ " വലതുപക്ഷ നവനാസ്തികർക്കെതിരെയും സംഘപരിവാറിനെതിരെയും നന്നായി കാര്യങ്ങൾഅവതരിപ്പിച്ചിച്ചുവെന്നു് "നിഷാദ് റാവുത്തർ സമ്മതിക്കുന്നുണ്ട്. അതിനു നന്ദി. പക്ഷെ എസ്സൻസ് നേതാവ് ശ്രീ രവിചന്ദ്രൻ ഉന്നയിച്ച കാര്യങ്ങളെപ്പറ്റി മറുപടി പറയുമ്പോൾ മത വിമർശനമല്ല ഞാൻ നടത്തിയതെന്നു് ഞാൻ വ്യക്തമാക്കുകയും ചെയ്തു. അരവാചകം വാർത്തയാക്കിയത് ശരിയെന്നാണ് മീഡിയവണിൻ്റെ നിലപാട്.
പ്രസംഗം മുഴുവൻ കേൾക്കാൻ വിമർശകരോട് അഭ്യർത്ഥിക്കുന്നു. അര മണിക്കൂർ നേരം സംഘപരിവാറിനെതിരെ നിർഭയമായി പോരാടുകയും അവർക്കായി എസ്സൻസ് ഉയർത്തിയ വാദങ്ങളെ ചെറുക്കുകയും ചെയ്ത പ്രസംഗത്തിൽ ഒരു വിഷയത്തിനു പറഞ്ഞ മറുപടിയിലെഅരവാചകത്തിൽ ഞാൻ ചിന്തിച്ചിട്ടില്ലാത്ത ഒരർത്ഥം കല്പിച്ചു നൽകിയ വ്യാഖ്യാനം മീഡിയവൺ നിരോധിച്ച കൂട്ടരെയാണു് സന്തോഷിപ്പിക്കുന്നത്. നിങ്ങളുടെ വാർത്താ സാധ്യതയിൽ ഫാസിസത്തിനെതിരായ ഒരു സമരത്തെ തന്നെ ദുർബ്ബലപ്പെടുത്തരുത്.