'മുന്നണിയിലെ പ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും'; സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പി. സരിൻ
'ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി എത്തിയതിൽ അഭിമാനമുണ്ട്'
പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഡോക്ടർ പി. സരിൻ. ഇനിയുള്ള ദിവസങ്ങളിൽ ജനപ്രതിനിധിയാകാനുള്ള യോഗ്യത രാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെ പാലക്കാട്ടെ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കും. മുന്നണിയിലെ പ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും ആ വാക്കിന് അർഥമുണ്ടാകാൻ ആഗ്രഹിക്കുന്നുവെന്നും സരിൻ പറഞ്ഞു.
'പാലക്കാടുള്ള ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതിനിധിയാകാൻ ചുമതലപ്പെടുത്തി. ഇതൊരു ഉത്തരവാദിത്തമാണ്. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി എത്തിയതിൽ അഭിമാനമുണ്ടെന്നും' സരിൻ പറഞ്ഞു.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് സ്ഥാനാർഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. വയനാട്ടിൽ സിപിഐ നേതാവ് സത്യൻ മൊകേരി ആണ് സ്ഥാനാർഥി. ചേലക്കരയിൽ മുന്‍ എംഎല്‍എ യു.ആർ പ്രദീപും പാലക്കാട് എൽഡിഎഫ് സ്വതന്ത്രനായി പി.സരിനും മത്സരിക്കും.