'എൽ.ഡി.എഫിൽ തുടരാമെന്ന് അജിത് പവാർ പക്ഷം മനകോട്ട കെട്ടണ്ട'; രാജി ആവശ്യം തള്ളി എ.കെ.ശശീന്ദ്രൻ

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ശശീന്ദ്രൻ പറഞ്ഞു

Update: 2024-02-09 11:07 GMT
Advertising

ഡൽഹി: രാജി ആവശ്യം തള്ളി എ.കെ.ശശീന്ദ്രൻ. ഉത്തരവ് ശരിയായി വായിക്കാത്തവർ ആണ് രാജി ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ശശീന്ദ്രൻ പറഞ്ഞു.


തങ്ങൾ രാജി വെച്ചാൽ മഹാരാഷ്ട്രയിലെ എം.എൽ.എമാരും എംപിമാരും രാജി വെയ്ക്കണമെന്നും അങ്ങനെയായാൽ എൻ.സി.പിക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്നും ശശീന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിൽ തുടരാമെന്ന് അജിത് പവാർ പക്ഷം മനകോട്ട കെട്ടണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അന്തിമമല്ലെന്നും നിയമ പോരാട്ടത്തിനൊപ്പം പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും നടത്തുമെന്നും ചരിത്രത്തിൽ ജന പിന്തുണ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തെ അടിസ്ഥാനമാക്കി അല്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. 



കേരള നിയമസഭയിലെ എൻ.സി.പി എം.എൽ.എമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻ.എ.മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കണമെന്നും അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്നും മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു.


ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും രാജി വെയ്ക്കണമെന്നും രാജി വെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികൾക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ രണ്ട് വിഭാഗത്തിനും എൽ.ഡി.എഫിന് ഒപ്പം പോകാൻ കഴിയുമെന്നും പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News