ഏക സിവില്‍കോഡിനെതിരെ പൊതുജനാഭിപ്രായ രൂപീകരണത്തിനാണ് മുന്‍ഗണനയെന്ന് മുസ്‍ലിം പേഴ്സണല്‍ ലോ ബോർഡ്
ഏക സിവില്‍കോഡിനെതിരായ അഭിപ്രായ രൂപീകരണത്തിനായി എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്ത വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും നേതാക്കള്‍
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ നിയമപോരാട്ടത്തിനു പകരം പൊതുജനാഭിപ്രായ രൂപീകരണത്തിനാണ് മുന്‍ഗണന നല്കുന്നതെന്ന് മുസ്‍ലിം പേഴ്സണല്‍ ലോ ബോർഡ്. ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത കേരള സർക്കാരിന് ബോർഡ് നന്ദി അറിയിച്ചു. ആരാധനാലയ നിയമനം നിലില്‍ക്കെ ഗ്യാന്‍വ്യാപിയില്‍ പുരാവസ്തു വകുപ്പിന്‍റെ സര്‍വേ അപ്രസക്തമാണെന്ന് പേഴ്സണല് ലോ ബോർഡ് വക്താവ് എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു.
സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഏക സിവില്‍കോഡിനെതിരെ വിവിധ സാമുദായിക വിഭാഗങ്ങളുമായി ചേർന്നുനിന്നുകൊണ്ടുള്ള പ്രതിരോധമാണ് ലക്ഷ്യമിടുന്നതെന്ന് എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു. ഡല്‍ഹിയിലുള്‍പ്പെടെ വിവിധ വിഭാഗം നേതാക്കളെ വിളിച്ചുചേർത്ത് ചർച്ച നടത്തി. നിയമകമ്മിഷനു ലഭിച്ച ഭൂരിഭാഗം പ്രതികരണങ്ങളും ഏക സിവില്‍കോഡിനെതിരാണെന്നതു സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബോർഡ് നേതാക്കള്‍ മുസ്‍ലിം ലീഗ്, സമസ്ത, ജമാഅത്തെ ഇസ്‍ലാമി, ദക്ഷിണ കേരള, എ.പി വിഭാഗം, വിവിധ മുജാഹിദ് വിഭാഗങ്ങള്‍ തുടങ്ങി വിവിധ സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. ഏക സിവില്‍കോഡിനെതിരായ അഭിപ്രായ രൂപീകരണത്തിനായി എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്ത വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ബോർഡ് എക്സിക്യൂട്ടീവ് അംഗം അബ്ദുശ്ശുക്കൂർ ഖാസിമി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Summary: The All India Muslim Personal Law Board is giving priority to forming public opinion against Uniform Civil Code instead of legal battle