സർവത്ര കുഴപ്പം; എം.ആർ അജിത് കുമാറിനെതിരെ ഡിജിപിയുടെ ഗുരുതര കണ്ടെത്തലുകൾ
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ വിവിധ ലക്ഷ്യങ്ങൾ എന്ന് ഡിജിപിക്കും സംശയം
തിരുവന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഡിജിപി ശൈഖ് ദർവേശ് സാഹിബിന്‍റെ ഗുരുതര കണ്ടെത്തലുകൾ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ വിവിധ ലക്ഷ്യങ്ങളുണ്ടെന്നാണ് ഡിജിപിയുടെ കണ്ടെത്തലുകൾ. പ്രധാനാമായും മൂന്ന് സംശയങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി ഉന്നയിക്കുന്നത്.
1) DGP പട്ടികയിൽ ഇടം നേടാനായിരുന്നോ കൂടിക്കാഴ്ച?
2) ഇതുവരെ കിട്ടാത്ത രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് വേണ്ടിയോ?
3) കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ?
മണിക്കൂറുകൾ നീണ്ട യാത്രയിലും ദുരൂഹതയുണ്ടെന്ന് ഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെ ഒരു സ്കൂളിലെത്തി കൂടിക്കാഴ്ച നടത്തിയതിലും ദുരൂഹതയെന്ന് പൊലീസ് മേധാവി ആരോപിക്കുന്നുണ്ട്. കേരളത്തിലെ പൊതുസമൂഹത്തിന് ദത്താത്രേയ ഹൊസബാല എന്ന പേര് പരിചിതമായത് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണെന്നും രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ കാണുന്നത് പോലെയല്ല ഇതെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച പൊലീസ് സേനയുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു എന്നും ഡിജിപി പറയുന്നുണ്ട്.
അല്പസമയത്തിനു മുമ്പാണ് അജിത്കുമാറിന് എതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ചത്. ഗുരുതരമായ കണ്ടെത്തലുകൾ വന്നതോടെ എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുമെന്നാണ് സൂചന. ഇന്ന് മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ അജിത്കുമാർ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്. അജിത്കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടീവിനെ അറിയിച്ചിരുന്നു.