നികുതി അടക്കാത്തതിന്‍റെ പേരിൽ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ചോറ്റാനിക്കര പഞ്ചായത്ത്
പരാതിക്കാരന്‍റെ വീട്ടിലെത്തിയ മൊബൈൽ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു


കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ നികുതി അടക്കാത്തതിന്‍റെ പേരിൽ കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചുവെന്ന ആരോപണം തള്ളി പഞ്ചായത്ത് അധികൃതർ. റവന്യൂ റിക്കവറി നോട്ടീസ് നൽകിയത് അല്ലാതെ മറ്റൊരു നടപടിയും പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം.
രണ്ട് ഘടുക്കളായി നൽകേണ്ട വാർഷിക കെട്ടിട നികുതി അടക്കാത്തതിന്‍റെ പേരിൽ പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും പൊലീസിന്‍റെ സാന്നിധ്യത്തിൽ എത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ചോറ്റാനിക്കര സ്വദേശി രാജനും ഭാര്യയും എംഎൽഎക്ക് നൽകിയ പരാതി.എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം.ആദ്യം ചെന്നപ്പോൾ മോശമായി പെരുമാറിയതിനാലാണ് പിന്നീട് പൊലീസുമായി ചെന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍ഡ് രാജേഷ് മീഡിയവണിനോട് പറഞ്ഞു.
ഭീഷണിപ്പെടുത്തിയിട്ടില്ല എന്നതിന് തെളിവായി പഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും രാജന്‍റെ വീട്ടിലെത്തിയ മൊബൈൽ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു.
എന്നാൽ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. മാർച്ച് 30, 31 തീയതികളിൽ അവധിയായതിനാൽ നേരത്തെ തന്നെ നികുതി അടപ്പിക്കാൻ വീടുകൾ കയറിയുള്ള ബോധവത്ക്കരണം മാത്രമാണ് നടന്നതെന്നും ഇത് തുടരുമെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.