'ലഭിക്കുന്ന തുക വയനാടിന് മാത്രമായി ചെലവഴിക്കണം, സുതാര്യത ഉറപ്പുവരുത്തണം': വി.ഡി. സതീശൻ
യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്നും പ്രതിപക്ഷനേതാവ്
തിരുവന്തപുരം: വയനാട് ദുരന്തം അതിജീവിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ദുരിതാശ്വാസനിധിയുടെ കാര്യത്തിൽ യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും എന്നാൽ ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വയനാടിന്റെ പുനർനിർമാണത്തിന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവികാലഘട്ടങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ആലോചിക്കണമെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇത്തരം അപകടങ്ങൾ മുന്നിൽകണ്ടാണ് കെ.റയിൽ ഉൾപ്പെടെയുള്ള പദ്ധതികളെ എതിർത്തതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം കാര്യങ്ങളിൽ യു.ഡി.എഫിന് വ്യക്തമായ പദ്ധതികളുണ്ടെന്നും വ്യക്തമാക്കി.