'ഞാനെല്ലാം കണ്ടും കേട്ടും നില്‍ക്കുകയായിരുന്നില്ലേ..' ആശുപത്രിക്കെതിരെ അനന്യയുടെ പിതാവ്
അനന്യയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ചോദ്യംചെയ്യും
ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി. അനന്യയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ചോദ്യംചെയ്യും. അനന്യയുടെ പിതാവ് പറഞ്ഞതിങ്ങനെ-
"രണ്ടു മൂന്ന് ആഴ്ചയായി ഞങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ട്. ബുദ്ധിമുട്ടുകളും കാര്യങ്ങളുമൊക്കെ നേരത്തെ സംസാരിച്ചിരുന്നു. വീടുമാറുന്ന കാര്യമൊക്കെ പറഞ്ഞു. ആശുപത്രി കേസാണ് പ്രധാനമായി പറഞ്ഞത്. ജോലിക്ക് പോകാന്‍ പറ്റുന്നില്ല. ഇത്രയും രൂപ ചെലവാക്കി. പക്ഷേ പ്രതീക്ഷക്കൊത്ത് ഒന്നും ചെയ്യാനാവാത്തതിന്‍റെ സങ്കടം അനന്യ പറഞ്ഞു. ആശുപത്രി അധികൃതര്‍ കയ്യേറ്റം ചെയ്തപ്പോള്‍ അനന്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നിയമ നടപടി സ്വീകരിക്കണമെന്നൊക്കെ പറഞ്ഞു. അതിന്‍റെ പുറകെ പോകാന്‍ ആരുവരുമെന്ന് ഞാന്‍ ചോദിച്ചു. പോട്ടെ എന്നൊക്കെ ഞാന്‍ സമാധാനപ്പെടുത്തിയതാ. ഞാന്‍ കണ്ടും കേട്ടും നില്‍ക്കുകയായിരുന്നില്ലേ ആശുപത്രിയില്‍? 8 ദിവസം ഉറക്കമിളച്ചല്ലേ ഞാനെന്‍റെ കുഞ്ഞിന്‍റെ കൂടെ നിന്നത്"- അനന്യയുടെ പിതാവ് കണ്ണീരോടെ പറഞ്ഞു.
പൊലീസ് അന്വേഷണം തുടങ്ങി
അനന്യയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടം വിദഗ്ധ ഡോക്ടർമാരുടെ സംഘം നടത്തും. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ടീം അംഗങ്ങളെ തീരുമാനിക്കും. ഇൻക്വസ്റ്റ് നടപടികളും ഇതേ സംഘത്തിന്റെ സാന്നിധ്യത്തിൽ നടത്തും. അനന്യയുടെ മരണം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മരിച്ചനിലയില്‍ കണ്ടെത്തിയത് ഇന്നലെ
കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ് അനന്യയെ ഇന്നലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അനന്യ നേരത്തെ ആരോപിച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും അനന്യ പറയുകയുണ്ടായി.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. കേരള നിയമസഭയിലേക്ക് മത്സരിക്കാന്‍ ആദ്യമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ഥിയും അനന്യയായിരുന്നു. മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ഡി.എസ്.ജെ.പി സ്ഥാനാര്‍ഥിയായാണ് അനന്യ പത്രിക നല്‍കിയത്. പിന്നീട് അനന്യ മത്സരത്തില്‍ നിന്ന് പിന്മാറി.