'ആരു ചോദിച്ചാലും 26 വയസെന്നു പറയാന്‍ പറഞ്ഞു'; ആനാവൂർ നാഗപ്പനെതിരെ മുൻ എസ്.എഫ്.ഐ നേതാവിന്‍റെ വെളിപ്പെടുത്തല്‍
'എനിക്ക് ഈ വർഷം പ്രായം 30 ആയി. ഞാൻ പുറത്തുപറയുന്ന പ്രായമല്ല അത്. എന്റെയടുത്ത് 92, 94, 95 സർട്ടിഫിക്കറ്റുകൾ എല്ലാമുണ്ട്.'
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ വെളിപ്പെടുത്തലുമായി എസ്.എഫ്.ഐ മുൻ നേതാവ്. ആനാവൂർ നാഗപ്പന്റെ നിർദേശപ്രകാരം എസ്.എഫ്.ഐ നേതാവാകാൻ യഥാർഥ പ്രായം ഒളിപ്പിച്ചുവച്ചെന്ന് മുൻ ജില്ലാ സെക്രട്ടറി അഡ്വ. ജെ.ജെ അഭിജിത്ത് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
ജില്ലാ നേതാവാകാൻ ആനാവൂർ നാഗപ്പൻ പ്രായം കുറച്ചുപറയാൻ ആവശ്യപ്പെട്ടു. ഇക്കാര്യം അറിയുന്ന വേറെയും നേതാക്കളുണ്ട്. നിലവിൽ 30 വയസായിട്ടുണ്ടെങ്കിലും പുറത്തുപറയുന്ന പ്രായം അതല്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
ഇന്നലെ ചേർന്ന നേമം ഏരിയാ കമ്മിറ്റി യോഗം അഭിജിത്തിനെ തരംതാഴത്താൻ തീരുമാനിച്ചിരുന്നു. ഏരിയാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനം. വനിതാ പ്രവർത്തകയോടുള്ള മോശം പെരുമാറ്റത്തിനായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ.
നേരത്തെ, ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽനിന്ന് പുറത്താക്കിയിരുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞയാഴ്ച സി.പി.എം ജില്ലാ ഓഫിസിൽ ചേർന്ന എസ്.എഫ്.ഐ ജില്ലാ ഫാക്ഷൻ യോഗത്തിലും വനിതാ നേതാക്കൾ അഭിജിത്തിനെതിരെ ഉന്നയിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളും ആരോപിക്കപ്പെടുന്നുണ്ട്.
ജെ.ജെ അഭിജിത്തിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽനിന്ന്
എനിക്ക് ഈ വർഷം പ്രായം 30 ആയി. ഞാൻ പുറത്തുപറയുന്ന പ്രായമല്ല അത്. സംഘടനയിൽ ഞാൻ നിന്നത് അതുകൊണ്ടാണ്. ഞാൻ 92 ആണ്. എന്റെയടുത്ത് 92, 94, 95 സർട്ടിഫിക്കറ്റുകൾ എല്ലാമുണ്ട്.
എസ്.എഫ്.ഐയിൽ 26 വരെയേ നിൽക്കാൻ പറ്റൂ. ആരു ചോദിച്ചാലും അങ്ങനെ പറയാനാണ് എന്നോട് നാഗപ്പൻ സഖാവ് പറഞ്ഞത്. പ്രദീപ് സാറും അങ്ങനെയാണ് പറഞ്ഞത്.
നിങ്ങളെയൊക്കെ ഒഴിവാക്കിവിട്ടാലും ഞാൻ എന്തായാലും നിൽക്കും. ഒഴിവാക്കിയാലും ഒഴിഞ്ഞാലും എനിക്ക് നിൽക്കണമല്ലോ.. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതുകൊണ്ട് ഭയങ്കര സുഖം. ആരെങ്കിലും വേണം വെട്ടിക്കളിക്കാൻ.
Summary: CPM Thiruvananthapuram secretary Anavoor Nagappan advised to lower age to become SFI leader; Former SFI district secretary JJ Abhijith reveals in a leaked voice clip