അര്‍ജുനെ തേടി ആഴങ്ങളിലേക്ക്; നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഗംഗാവലി പുഴയിൽ
അർജുനായുള്ള രക്ഷാദൗത്യം വിലയിരുത്താൻ ഉന്നതല യോഗം
അങ്കോല: കർണാടകയിലെ അങ്കോലിലെ മലയിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ ഗംഗാവലി പുഴയിലിറങ്ങി.ഡിങ്കി ബോട്ടിലാണ് നാവികർ പുഴയിലിറങ്ങിയത്. സ്കൂബാ ടീമിന്‍റെ ട്രയല്‍ ഡൈവ് ഉടന്‍ നടത്തും.
മുങ്ങൽ വിദഗ്ധർ ലോറിയിൽ ആദ്യം അർജുൻ ഉണ്ടോയെന്നാണ് പരിശോധിക്കുകയെന്ന് എ.കെ.എം അഷ്റഫ് എംഎൽഎ പറഞ്ഞു.ഇതിന് ശേഷം ഇരുമ്പുവടം ലോറിയുമായി ബന്ധിപ്പിക്കും. പുഴയിലേക്കുള്ള ഒഴുക്ക് കുറക്കാൻ ഫ്ലാറ്റ്ഫോം നിർമ്മിച്ചിട്ടുണ്ടെന്നും എ.കെ.എം അഷ്റഫ് എംഎൽഎ പറഞ്ഞു.
അതിനിടെ, രക്ഷാദൗത്യത്തിന് തടസ്സമായി ഇടക്കിടെ പെയ്യുന്ന കനത്തമഴയും കാറ്റും പുഴയിലെ ഒഴുക്കും. കനത്ത മഴ പെയ്തതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. മഴ കുറഞ്ഞപ്പോൾ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. അർജുനെ കണ്ടെത്താനായി അത്യാധുനിക ഡ്രോൺ ഉച്ചയോടെയാണ് എത്തുന്നത്. അർജുനെ കണ്ടെത്താനായി കൂടുതൽ ബൂം എക്‌സ്‌കവേറ്റർ,ക്രെയിൻ,ലോറി എന്നിവ അപകടസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
രക്ഷാദൗത്യം വിലയിരുത്താൻ കർണാടകയിൽ ഉന്നതതലയോഗം ചേര്‍ന്നു. ജില്ലാ ഭരണകൂടമാണ് യോഗം വിളിച്ചത്. കേരളത്തിൽ നിന്നുള്ള എം.എൽ.എമാരും എം.പിമാരും യോഗത്തിൽ പങ്കെടുത്തു.