സൈന്യത്തിന്റെ അത്യാധുനിക ഡ്രോൺ,കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും; അർജുനായി തിരച്ചിൽ പത്താം ദിവസത്തിലേക്ക്
ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് ഊളിയിടും
അങ്കോല: കർണാടകയിലെ അങ്കോലയിലെ മലയിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പത്താംനാളിലേക്ക്. ഉത്തരകർണാടകയിലെ അങ്കോലയിലെ ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് ഊളിയിടും. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം. കരയിൽ നിന്ന് 30 മീറ്റർ മാറി അടിത്തട്ടിൽ 15 അടിതാഴ്ചയിൽ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
കൂടുതൽ വലിയ മണ്ണുമാന്തിയന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് ഒരുക്കം.അത്യാധുനിക ഡ്രോണുകൾ ഇന്നത്തെ പരിശോധനക്കുണ്ടാകും.ട്രക്ക് പുഴയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മഴയും കാറ്റും ശക്തമായതിനാല്‍ ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിക്കുമെന്നായിരുന്നു. തിരച്ചിലിൽ കണ്ടെത്തിയത് അർജുന്റേതായ ഭാരത് ബെൻസ് ലോറിയാണെന്ന് ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ സ്ഥിരീകരിച്ചിരുന്നു.
കനത്തമഴയെ തുടർന്ന് ഷിരൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 വർഷത്തിനിടെ ഷിരൂരിൽ പെയ്ത കനത്ത മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ടുകൾ.