''ഇടുക്കിയെ തമിഴ്‌നാട്ടിൽ ചേർക്കൂ'' സാമൂഹിക മാധ്യമങ്ങളിൽ പുതിയ കാമ്പയിൻ

മലയാളികൾക്കാവശ്യമില്ലാത്ത മുല്ലപ്പെരിയാർ ഡാമും ഇടുക്കി ജില്ലയും സ്വതന്ത്ര്യത്തിന് മുമ്പുള്ളതുപോലെ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്നാണ് ആവശ്യം

Update: 2021-10-26 12:31 GMT
Advertising

മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരളത്തിൽ ഉയർന്ന സാഹചര്യത്തിൽ ''ഇടുക്കിയെ തമിഴ്‌നാട്ടിൽ ചേർക്കൂ''#AnnexIdukkiWithTN എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ കാമ്പയിൻ. മലയാളികൾക്കാവശ്യമില്ലാത്ത മുല്ലപ്പെരിയാർ ഡാമും ഇടുക്കി ജില്ലയും സ്വതന്ത്ര്യത്തിന് മുമ്പുള്ളതുപോലെ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്നാണ് ആവശ്യം. മുമ്പ് മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തെ മുമ്പുള്ളതു പോലെ ആക്കുകയല്ലേയെന്നും ചിലർ പോസ്റ്റിട്ടു. ഇടുക്കിയിൽ വലിയ അളവിൽ തമിഴ് സംസാരിക്കുന്നവരുണ്ടെന്നും രാഷ്ട്രീയ സ്വാധീനത്താലാണ് പ്രദേശം കേരളത്തിന്റെ ഭാഗമായതെന്നും ചിലർ വാദിക്കുന്നു. ഈ അതിർത്തി പുനക്രമീകരിച്ച് ഇടുക്കിയെ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്നാണ് ഇവരുടെ വാദം.

ഡാം ഡികമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട നടൻ പൃഥ്വിരാജിന്റെ ചിത്രം കത്തിച്ചുള്ള പ്രതിഷേധത്തിന്റെ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാടിനെതിരെ നിലപാടെടുക്കുന്ന നടൻ എന്തിനാണ് തമിഴ് സിനിമകളിൽ അഭിനയിക്കുന്നതെന്നും ചിലർ ചോദിക്കുന്നു. ഇടുക്കിയെ തമിഴ്‌നാടിന്റെ ഭാഗമാക്കിയുള്ള മാപ്പുകളും പഴയ മാപ്പുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുല്ലപ്പെരിയാർ ഡാമിൽ പ്രത്യേകിച്ച് ഒരു പ്രശ്‌നവുമില്ലെന്നും ചിലർ സാമൂഹിക ഭീതി പരത്തുന്നത് മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. പുതിയ ഡാം വരണമെന്ന് തന്നെയാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറയുന്നുണ്ട്. ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും തമിഴ്‌നാട് നന്നായി സഹകരിക്കുന്ന സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ #AnnexIdukkiWithTN കാമ്പയിൻ വ്യാപകമായി നടക്കുന്നുണ്ട്.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News