കെ- റെയിൽ വിരുദ്ധ സമരം ശക്തം; കരുതൽപട രൂപീകരിച്ച് കോൺഗ്രസ്, കല്ലിടൽ ഇന്നും തുടരും

കെ- റെയിലിൽ ഉയരുന്ന പ്രതിഷേധം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്‌തേക്കും

Update: 2022-03-23 01:05 GMT
Advertising

സംസ്ഥാന വ്യപകമായി കെ- റെയില്‍ സർവെ നടപടികള്‍ക്കെതിരെ ഇന്നും പ്രതിഷേധമുയരും. മലപ്പുറത്തെ തവനൂരിൽ ഇന്ന് ഉദ്യോഗസ്ഥർ സർവെ കല്ലിടാനെത്തും. തവനൂർ കാർഷിക കോളജ്, പാപ്പിനിശ്ശേരി അമ്പലത്തിന് സമീപത്തെ സ്ഥലങ്ങൾ എന്നിവടങ്ങളില്‍ ഇന്ന് കല്ലിടാനാണ് കെ- റെയിൽ ഉദ്യോഗസ്ഥർ ശ്രമിക്കുക. കല്ലിടൽ തടയുമെന്ന് സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കോഴിക്കോട് നഗരത്തില്‍ ജനവാസ മേഖലയായ കുണ്ടുങ്ങലിലാണ് ഇന്ന് കെ- റെയില്‍ സര്‍വെ നടക്കുക. നൂറു കണക്കിന് വീടുകളുള്ള പ്രദേശത്ത് സമരസമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാര്‍. പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ മടങ്ങിയ ശേഷം ഇവിടെ സര്‍വെ നടന്നിരുന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തോടെയാകും സര്‍വെ നടക്കുക.

കെ- റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കരുതല്‍പട രൂപീകരിച്ചു. കെ- റെയില്‍ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനുമായാണ് 11 അംഗ കരുതല്‍പടയെ സജ്ജരാക്കിയത്. ജില്ലയില്‍ കെ- റെയില്‍ വിരുദ്ധ സമരം നടക്കുന്ന ഇടങ്ങളിലെല്ലാം ഈ നേതാക്കളുടെ സാന്നിദ്ധ്യമുണ്ടാകും. നിജേഷ് അരവിന്ദ് , ദിനേശ് പെരുമണ്ണ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഇരകള്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററും ഒരുക്കിയിട്ടുണ്ട്. കെ- റെയിലുമായി ബന്ധപ്പെട്ട എന്ത് ആവശ്യങ്ങള്‍ക്കും 9387555656 , 9847942333 എന്ന നമ്പറില്‍ വിളിക്കാം. 

കെ- റെയിലില്‍ ഉയരുന്ന പ്രതിഷേധം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തേക്കും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ- റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സി.പി.എം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News