‘എം.ആർ അജിത് കുമാറിന്റെ ഇന്റലിജൻസിലുള്ളത് കേരളാ പൊലീസോ ആർഎസ്എസ് നോമിനികളോ?’ -എസ്ഡിപിഐ
‘സ്വന്തമായി ഇന്റലിജൻസ് വിഭാഗം രൂപീകരിച്ചെന്ന് ബോധ്യമായിട്ടും എന്തുകൊണ്ടാണ് അജിത് കുമാറിനെ പുറത്താക്കാത്തത്’
കോഴിക്കോട്: എഡിജിപി അജിത് കുമാർ സ്വന്തമായി ഇന്റലിജൻസ് വിഭാഗം രൂപീകരിച്ചെന്ന് ബോധ്യമായിട്ടും എന്തുകൊണ്ടാണ് സർവീസിൽനിന്ന് പുറത്താക്കാത്തതെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അജിത് കുമാറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന 40 പേരില്‍ 10 പേര്‍ എസ്‌ഐമാരും 5 പേര്‍ എഎസ്‌ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് എന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ ഇവർ കേരളാ പൊലീസോ അതോ ആർഎസ്എസ് നോമിനികളാണോയെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ നിരവധി രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉണ്ടായിരിക്കെ തനിക്കുമാത്രം വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ 40 പേരെ എഡിജിപി അജിത്കുമാര്‍ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചു.
ഇവർ ആരുടെ വിവരങ്ങളാകും രഹസ്യമായി അന്വേഷിച്ചിട്ടുണ്ടാവുക ? ശേഖരിച്ച വിവരങ്ങൾ നേരിട്ട് അജിത് കുമാറിന് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം.
ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ കൈമാറാനാണോ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയത് ?
ആഭ്യന്തരം കയ്യാളുന്ന പിണറായി വിജയനോ ഡിജിപിയോ അറിയാതെ ഒരു എഡിജിപിക്ക് സ്വന്തമായി ഇന്റലിജൻസ് വിഭാഗം രൂപീകരിക്കാൻ കഴിയുമോ ?
അങ്ങനെ രൂപീകരിച്ചെന്ന് ബോധ്യമായിട്ടും എന്തുകൊണ്ടാണ് അജിത് കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കാത്തത് ?
അജിത് കുമാറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന 40 പേരില്‍ 10 പേര്‍ എസ്‌ഐമാരും 5 പേര്‍ എഎസ്‌ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് എന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ ഇവർ കേരളാ പോലീസോ അതോ ആർഎസ്എസ് നോമിനികളോ ?
പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ആർഎസ്എസ് ഹിറ്റ് ലിസ്റ്റിൽ പെടുത്തിയവരുടെ നീക്കങ്ങൾ പോലീസ് സംവിധാനം വഴി ആർഎസ്എസ് ഗുണ്ടാ സംഘത്തിന് കൊടുക്കുന്നു എന്നത് പലപ്പോഴും സ്ഥിതീകരിക്കപ്പെട്ടതാണ്.
ഈ സാഹചര്യത്തിൽ എഡിജിപിയുടെ സമാന്തര ഇന്റലിജൻസിൽപ്പെട്ട ഇവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവത്തോടെ പഠിക്കേണ്ടതുണ്ട്. ആ ഒരു ഉത്തരവാദിത്തം സംസ്ഥാന സർക്കാർ നിർവഹിക്കണം.