'അംഗൻവാടി ഹെൽപ്പർ നിയമനത്തിൽ വൻ അഴിമതി'; അമ്പൂരിയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം
ഔദ്യോഗിക ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് നിയമനം എന്നാണ് സമരക്കാരുടെ ആരോപണം
Update: 2024-11-04 18:26 GMT
തിരുവനന്തപുരം: അമ്പൂരിയിൽ അംഗൻവാടി ഹെൽപ്പർ നിയമനത്തിൽ അഴിമതി ആരോപിച്ച് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. പ്രതിഷേധക്കാർ പഞ്ചായത്ത് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ചു. ഔദ്യോഗിക ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് നിയമനം എന്നാണ് സമരക്കാരുടെ ആരോപണം.
ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ആദിവാസി വിഭാഗങ്ങളിൽ നിന്ന് ആരെയും പരിഗണിച്ചില്ലെന്നും, പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷയായ ഇൻറർവ്യൂ ബോർഡ് പണം വാങ്ങിയാണ് നിയമനം നടത്തിയത് എന്നുമാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരെത്തി അടിയന്തര ചർച്ച നടത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്.