കുഞ്ഞിനെ തിരികെ കിട്ടുമെന്ന് കുറച്ചുകൂടി വിശ്വാസം തോന്നുന്നു: അനുപമ

സിഡബ്ല്യുസിക്ക് എതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു

Update: 2021-10-23 14:02 GMT
Advertising

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ ഇടപെടൽ. ദത്ത് നൽകുന്ന നടപടി ക്രമങ്ങൾ നിർത്തി വെക്കാൻ ശിശുക്ഷേമ സമിതിക്ക് സർക്കാർ നിർദേശം നൽകി. അനുപമയുടെ പരാതി സർക്കാർ വഞ്ചിയൂർ കോടതിയെ അറിയിക്കും. ഇതിനായി സര്‍ക്കാര്‍ പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. സിഡബ്ല്യുസിക്ക് എതിരെ നടപടി വേണം. സമരം തുടരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അനുപമ പറഞ്ഞു.

"വളരെയധികം സന്തോഷം തോന്നുന്നുണ്ട് ഇങ്ങനെയൊരു മറുപടി സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍. ഇന്നീ സമരം കഴിഞ്ഞ് വഞ്ചിയൂര്‍ കോടതിയിലേക്ക് പോകാനിരുന്നതാണ്. കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന് കുറച്ചുകൂടി വിശ്വാസവും സന്തോഷവും തോന്നുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ ഇപ്പോള്‍ തൃപ്തിയുണ്ട്. എനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്"- അനുപമ പ്രതികരിച്ചു.

കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയിലെ അന്വേഷണത്തില്‍ പൊലീസിന്‍റെയടക്കം വീഴ്ച തുടരുന്നുവെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമയും ഭര്‍ത്താവും നേരത്തെ വ്യക്തമാക്കിയിരുന്നു. ശിശുക്ഷേമ സമിതിയില്‍ നിന്ന് പൂര്‍ണ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ദത്തിന്‍റെ വിശദാംശങ്ങള്‍ തേടി അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്‍കി. കുട്ടിയെ കൈമാറിയതായി പറയുന്ന 2020 ഒക്ടോബര്‍ മാസത്തെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് കത്ത്.

കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, ഇവരുടെ ഭര്‍ത്താവ്, ജയചന്ദ്രന്‍റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും. ഇതിനായി പേരൂര്‍ക്കട പൊലീസ് ഉടന്‍ നോട്ടീസ് നല്‍കും. അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ കൈമാറിയതെന്ന് അച്ഛനടക്കം നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. അന്വേഷണത്തില്‍ വീഴ്ചയെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന  അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ അജിത്ത് കുമാറിന് നല്‍കിയിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News