'ഇതാ മറ്റൊരു കേരള സ്റ്റോറി'; അഞ്ജു-ശരത് ദമ്പതികളുടെ വിവാഹ വേദിയായി മസ്ജിദ് - വീഡിയോ പങ്കുവെച്ച് എ.ആർ റഹ്മാൻ
'അഭിനന്ദനങ്ങൾ, മനുഷ്യത്വത്തോടുള്ള സ്‌നേഹം ഉപാധികളില്ലാത്ത സാന്ത്വനവുമായിരിക്കണം' എന്ന കുറിപ്പോടെയാണ് എ.ആർ റഹ്മാൻ വീഡിയോ പങ്കുവെച്ചത്.
ആലപ്പുഴ: കേരള സ്‌റ്റോറി സിനിമ ദേശീയതലത്തിൽ തന്നെ ചർച്ചയായ സാഹചര്യത്തിൽ കായംകുളത്ത് നടന്ന വ്യത്യസ്തമായ വിവാഹ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. 2022 ജനുവരിയിൽ കായംകുളത്തെ ചേരാവള്ളി മസ്ജിദ് അങ്കണത്തിൽ നടന്ന അഞ്ജു-ശരത് ദമ്പതികളുടെ വിവാഹത്തിന്റെ വീഡിയോ ആണ് എ.ആർ റഹ്മാൻ ട്വിറ്ററിൽ പങ്കുവെച്ചത്.
'ഇതാ മറ്റൊരു കേരള സ്റ്റോറി' എന്ന ക്യാപ്ഷനിൽ 'കൊമ്രൈഡ് ഫ്രം കേരള' എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച ചേരാവള്ളൂർ കല്യാണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാർത്തയുടെ വീഡിയോ റിപ്പോർട്ടാണ് എ.ആർ റഹ്മാൻ തന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ പങ്കുവെച്ചത്.
'അഭിനന്ദനങ്ങൾ, മനുഷ്യത്വത്തോടുള്ള സ്‌നേഹം ഉപാധികളില്ലാത്ത സാന്ത്വനവുമായിരിക്കണം' എന്ന കുറിപ്പോടെയാണ് എ.ആർ റഹ്മാൻ വീഡിയോ പങ്കുവെച്ചത്.
Bravo 🙌🏽 love for humanity has to be unconditional and healing ❤️🩹 https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023
2022 ജനുവരി 19നായിരുന്നു കായംകുളം ചേരാവള്ളിയിൽ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കാർമികത്വത്തിൽ അഞ്ജു-ശരത് ദമ്പതികളുടെ വിവാഹം നടന്നത്. കല്യാണത്തിന്റെ രണ്ട് വർഷം മുമ്പ് അഞ്ജുവിന്റെ പിതാവ് അശോകൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്നാണ് അഞ്ജുവിന്റെ കല്യാണം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയത്.