ഈ ചുമരിൽ വിരിയുന്നത് കൂട്ടുകാരന്റെ പൂർത്തിയാക്കാത്ത സ്വപ്നം; സരോവരം പാർക്കിൽ അർജുൻ ദാസിന്റെ ഓർമകൾക്ക് നിറം പകരുന്നു
സരോവരം പാർക്കിലെ വൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം നാളെ മന്ത്രി മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്യും
കോഴിക്കോട്: അകാലത്തിൽ അന്തരിച്ച ചിത്രകാരൻ അർജുൻദാസിന്റെ നിറച്ചാർത്തുള്ള ഓർമകൾ വീണ്ടും തെളിയുകയാണ് കോഴിക്കോട് നഗരത്തിൽ. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് അർജുൻദാസിന്റെ ഓർമകൾക്ക് വീണ്ടും നിറം പകരുന്നത്. സരോവരം പാർക്കിലെ വൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം നാളെ മന്ത്രി മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്യും.
എട്ട് വർഷം മുമ്പ് മരിച്ചു പോയ മകൻ അപൂർണമാക്കി പോയ ചിത്രത്തിന് പൂർണത വരുത്തുന്നതിൻറെ സന്തോഷത്തിലാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മോഹൻദാസും കുടുംബവും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസയ്‌നിൽ അവസാന വർഷ വിദ്യാർഥിയായിരിക്കെ സിക്കിമിൽ ഉണ്ടായ അപകടത്തിലാണ് അർജുൻദാസ് എന്ന 23 കാരൻ മരിച്ചത്. സിക്കിമിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അർജുനും സുഹൃത്ത് ശ്രീനിഹാൽ ചേർന്ന് കോഴിക്കോട് സിറ്റി ഓഫ് സ്‌പൈസസ് എന്ന പേരിൽ ചുമർചിത്രം നിർമ്മിച്ചത്.
കൂട്ടുകാരന് പൂർത്തിയാക്കാൻ കഴിയാതെ പോയത് പൂർത്തിയാക്കാൻ കളിഞ്ഞതിന്റെ സന്തോഷത്തിലാണ് സുഹൃത്തായ ശ്രീനിഹാൽ 33 മീറ്റർ നീളത്തിലും രണ്ടേ കാൽ മീറ്റർ വീതിയിലുമാണ് ചുമർ ചിത്രം ഒരുങ്ങുന്നത്. കാപ്പാട് കപ്പലിറങ്ങിയ വാസ്‌ഗോഡ ഗാമ ബൈനോക്കുലറിലൂടെ കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങൾ നോക്കി കാണുന്നതാണ് ചിത്രത്തിലെ ഇതിവൃത്തം.