വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയം; താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് നഗരസഭ

ഫ്ലാറ്റിന്റെ ബീമുകൾക്കും സ്ലാബുകൾക്കും ഗുരുതരമായ ബലക്ഷയമുണ്ട്

Update: 2024-02-15 04:01 GMT
Advertising

കൊച്ചി: വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ. ജി.സി.ഡി.എയും തൃപ്പൂണിത്തുറ നഗരസഭയിലെ എൻജിനിയറിങ് വിഭാഗവും നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ഫ്ലാറ്റ് വാസയോഗ്യമല്ല എന്ന കണ്ടെത്തലുള്ളത്. ഫ്ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപണിയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്നും താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷന്റെ വൈറ്റിലയിലുള്ള ചന്ദീർകുഞ്ച് ഫ്ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്നാണ് നഗരസഭയുടെ എൻജിനിയറിങ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.ഫ്ലാറ്റിന്റെ ബീമുകൾക്കും സ്ലാബുകൾക്കും ഗുരുതരമായ ബലക്ഷയമുണ്ട്. നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന കോൺഗ്രീറ്റും കമ്പികളും തകർന്നു കഴിഞ്ഞു. ഫ്ലാറ്റിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായ സാഹചര്യത്തിൽ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജി.സി.ഡി.എ നടത്തിയ പരിശോധനയിലും ഫ്ലാറ്റിൽ നിന്ന് താമസക്കാരെ മാറ്റണമെന്നാണ് നിർദേശിക്കുന്നത്. ഫ്ലാറ്റിന്റെ ബി, സി ടവറുകൾക്ക് ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ് അസിസ്റ്റന്റ് എൻജിനിയർ തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്.

എ.ഡബ്ലു.എച്ച്.ഒ മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാറ്റിൽ പരിശോധന നടത്തി. ഫ്ലാറ്റിലെ താമസക്കാരുമായി ചർച്ച നടത്തിയതിന് ശേഷമാണ് സംഘം മടങ്ങിയത്. എ.ഡബ്ല്യു.എച്ച്.ഒയുടെ നേതൃത്വത്തിൽ അഞ്ച് വർഷം മുമ്പാണ് 28 നിലകളിലായി 208 ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് വർഷം മുമ്പാണ് ഫ്ലാറ്റിന്റെ ബലക്ഷയം പ്രകടമായത്. സൈനിക എൻജീനിയറും ഫ്ലാറ്റിലെ താമസക്കാരനുമായ സിബി ജോർജാണ് ഫ്ലാറ്റിന്റെ ബലക്ഷയം കണ്ടെത്തിയത്.

Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News