'കോൺഗ്രസ് നിലപാട് തന്നെയാണ് ആര്യാടൻ ഷൗക്കത്ത് ഉയർത്തിപ്പിടിച്ചത്'; ഷൗക്കത്തിന് പിന്തുണയുമായി ശശി തരൂർ
അച്ഛന്‍റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും തരൂർ പറഞ്ഞു
തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ശശി തരൂർ. ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അച്ഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും തരൂർ പറഞ്ഞു.
കോൺഗ്രസ് നിലപാട് തന്നെയാണ് ഷൗക്കത്ത് ഉയർത്തിപ്പിടിച്ചത്. കാലങ്ങളായി ഒപ്പമുള്ളയാളാണ് ഷൗക്കത്ത്. ഇന്ന് നടക്കുന്ന മലപ്പുറം ജില്ലാ കൺവെൻഷനിൽ ഷൗക്കത്തിന് പങ്കെടുക്കാൻ ആകാത്തത് നിർഭാഗ്യകരമാണ്. വിവാദം നീട്ടിക്കൊണ്ട് പോകരുതെന്നും അച്ചടക്ക സമിതി ഉടൻ തീരുമാനം എടുക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു.
വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനെതിരെ ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി. അച്ചടക്കസമിതി വിലക്കേർപ്പെടുത്തിയിരുന്നു. തീരുമാനമെടുക്കുംവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നിർദേശം.
വിലക്ക് ലംഘിച്ച് പരിപാടി നടത്തിയാൽ വിഭാഗീയ പ്രവർത്തനമായി കാണുമെന്ന് മുന്നറിയിപ്പ് നൽകി ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി നേരത്തെ കത്ത് നൽകിയിരുന്നു. ഇതിന് ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെ.പി.സി.സി വ്യക്തമാക്കുന്നത്.