'ന്യൂനപക്ഷ പിന്തുണ ലഭിച്ചില്ല, പിണറായിയുടെ ജനപിന്തുണ മനസ്സിലാക്കാനായില്ല': കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് ചവാന്‍ സമിതി
'നേതാക്കളുടെ അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവും വിനയായി'
കോൺഗ്രസ് തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയ അശോക് ചവാൻ സമിതി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവും വിനയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതിയായ പിന്തുണ ഉറപ്പിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനപിന്തുണ മനസിലാക്കിയില്ലെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. അഞ്ചംഗ സമിതി സോണിയ ഗാന്ധിക്കാണ് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്.
അതേസമയം പുതിയ കെപിസിസി അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ കെ സുധാകരന്റെ പേരിനാണ് മുൻതൂക്കമെങ്കിലും ഗ്രൂപ്പുകളുടെ എതിർപ്പ് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിൽ ആക്കുന്നു. ഗ്രൂപ്പുകളെ മറികടന്ന് പ്രഖ്യാപനം നടത്തിയാൽ വലിയ പൊട്ടിത്തെറിയിലേക്കാകും കാര്യങ്ങൾ പോകുക. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് ബദൽ വഴികളും ആലോചിക്കുന്നതായാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും സജീവ പരിഗണനയിൽ ഉണ്ട്.
കെ സുധാകരനെതിരെ വലിയ എതിർപ്പുകൾ അശോക് ചവാൻ സമിതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള മാനദണ്ഡങ്ങൾ ലംഘിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അശോക് ചവാൻ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും ഹൈക്കമാന്‍ഡ് അധ്യക്ഷന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.