ഏഷ്യാനെറ്റിന് മുഴുവൻ സമയം പൊലീസ് സംരക്ഷണം നൽകാനാവില്ലെന്ന് ഹൈക്കോടതി

സംഘർഷ സാധ്യതയുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്നും കോടതി

Update: 2023-03-08 07:49 GMT
Advertising

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന് മുഴുവൻസമയം പൊലീസ് സംരക്ഷണം നൽകാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ സംഘർഷ സാധ്യതയുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. സുരക്ഷവേണമെന്ന് പറയുമ്പോൾ കാരണം വ്യക്തമാക്കണമെന്നും കൊച്ചി ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തിന് ശേഷം മറ്റെന്തെങ്കിലും അനിഷ്ഠ സംഭവം ഉണ്ടായോയെന്നും കോടതി ചോദിച്ചു.

വ്യാജ വാർത്ത നൽകിയെന്നാരോപിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തിയത്. പാലാരിവട്ടത്തെ ഓഫീസിലെത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസെത്തി നീക്കം ചെയ്തു. ഓഫീസിന് മുന്നിൽ എസ്എഫ്‌ഐ ബാനറും കെട്ടി. ഓഫീസിൽ അതിക്രമിച്ച് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഏഷ്യാനെറ്റ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു.

കേസിൽ മൂന്ന് എസ്.എഫ്. ഐ നേതാക്കൾ കീഴടങ്ങിയിരുന്നു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, തൃപ്പുണ്ണിത്തുറ ഏരിയ സെക്രട്ടറി ബ്രഹ്മദത്ത് കെ.വി.ദേവ്, ജില്ലാ കമ്മിറ്റിയംഗം ശരത്ത് എന്നിവരാണ് പൊലീസിൽ കീഴടങ്ങിയിരുന്നത്.

അതേസമയം, ഏഷ്യാനെറ്റ്ന്യൂസ് കോഴിക്കോട് റീജിയണൽ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്ന പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലാണ് പരിശോധന. ജില്ല ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ വി. സുരേഷിന്റെ നേതൃത്വത്തിൽ വെളളയിൽ പൊലീസാണ് പരിശോധന നടത്തിയത്. അൻവർ ഇന്ന് മൊഴി നൽകാനായി കോഴിക്കോടെത്തിയിട്ടുണ്ട്. പോക്സോ, വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

കോഴിക്കോട് വെള്ളയിൽ പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഡി.ജി.പിക്കാണ് എം.എൽ.എ ഇതുസംബന്ധിച്ച പരാതി നൽകിയത്. പിന്നീട് ചാനലിന്റെ കോഴിക്കോട് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ പരിധിയായ വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു.

പോക്സോയിലെ 19, 21 എന്നീ വകുപ്പുകൾ പ്രകാരവും വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗുഢാലോചന എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നതാണ് പോക്സോ കേസിലെ 19, 21 വകുപ്പുകൾ. കൂടാതെ വ്യാജവാർത്തകളുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.


Full View

High Court said that Asianet cannot provide full time police protection

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News