ദുരിതാശ്വാസ കണക്ക് വിവാദം; സംസ്ഥാനത്തിനും സർക്കാരിനും ദോഷകരമാകുമെന്ന് വിലയിരുത്തൽ
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാർ ആശങ്ക പങ്കുവെച്ചത്
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തിൽ ആശങ്കകള്‍ പങ്കുവെച്ച് മന്ത്രിമാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രമാർ ഇതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചത്. ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ സംസ്ഥാനത്തിനും സർക്കാരിനും ദോഷകരമാകുമെന്ന ആശങ്ക നിരവധി മന്ത്രിമാർ പങ്കുവെച്ചു. മാധ്യമ വാർത്തകൾ പൂർണമായും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരായിരുന്നൂവെന്നും ഇത് കേന്ദ്ര സഹായം ലഭിക്കുന്നതിനടക്കം ബാധിക്കുമെന്ന ആശങ്കയും മന്ത്രിമാർ പങ്കുവെച്ചു. എന്നാൽ എല്ലാ കാലവും സംസ്ഥാനം മെമ്മോറാണ്ടം തയാറാക്കുന്ന രീതിയാണ് ഇത്തവണയും പിന്തുടർന്നിട്ടുള്ളതെന്ന് മന്ത്രി രാജൻ യോഗത്തിൽ വ്യക്തമാക്കി.
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഒക്ടോബർ 4 മുതൽ ആരംഭിക്കും. ഇതിനായി ഗവർണറോട് ശിപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
നിയമസഭാ സമ്മേളനത്തിനു പുറമേ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായവ
ആറ് മൊബൈൽ കോടതികളെ റഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകൾ സൃഷ്ടിക്കും. ക്രിമിനൽ കോടതികളിൽ അനുവദിച്ചിട്ടുള്ള 16 തസ്തികകൾ പരിവർത്തനം ചെയ്യും.
1948-ലെ മിനിമം വേജസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനായി ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്താൻ തീരുമാനമായി. 2023-24 അടിസ്ഥാന വർഷം കണക്കാക്കി ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് സർവ്വേ. ഇതു സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണത്തിന് സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും.
ഡെപ്യൂട്ടി ഡയറക്ടർ-1, റിസർച്ച് അസിസ്റ്റൻറ്-1, എൽഡി കമ്പയിലർ/ എൽഡി ടൈപ്പിസ്റ്റ്-2 എന്നീ തസ്തികകൾ പതിനെട്ട് മാസത്തേക്ക് സൃഷ്ടിക്കും. പുനർവിന്യാസം വഴി ഈ തസ്തികകളിലേയ്ക്ക് നിയമനം നടത്തും. പ്രതിദിനം 600 രൂപ വേതനത്തിൽ 22 ഫീൽഡ് വർക്കർമാരെയും പതിനെട്ട് മാസ കാലയളവിലേക്ക് നിയമിക്കും.
ആലുവ മുനിസിപ്പാലിറ്റിയിൽ നാഷണൽ ആയുഷ് മിഷൻറെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോമിയോ ഡിസ്പെൻസറി ആരംഭിക്കും. കരകൗശല വികസന കോർപ്പറേഷൻ കേരള ലിമിറ്റഡിൽ മനേജിങ്ങ് ഡറയക്ടറായി ജി.എസ് സന്തോഷിനെ നിയമിക്കും. കോഴിക്കോട് സൈബർപാർക്കിനോട് ചേർന്ന് 20 സെൻറ് സ്ഥലം സൈബർപാർക്കിനായി ഏറ്റെടുക്കാൻ ഭരണാനുമതി നൽകി.
അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്ക് വേണ്ടി ഡ്രഡ്‌ജ് ചെയ്ത ഭാഗത്തെ സ്പോയിൽ ദേശീയ പാത 66- ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നൽകും. ഈ അനുമതി നൽകിയതിന് പൊതു താൽപര്യം മുൻനിർത്തി സാധൂകരണം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ദേശീയപാതാ നിർമ്മാണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന വ്യവസ്ഥയിൽ റോയൽറ്റി, സീനിയറേജ് ചാർജ് എന്നിവയിൽ ഇളവ് നൽകും.