പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം
ഇന്ന് മുതൽ 10 ദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളങ്ങൾ നിറയും
പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഇന്ന് മുതൽ 10 ദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളങ്ങൾ നിറയും. തിരുവോണ ദിവസം വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമാകുക.
പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങം. അത്തം പിറന്നു. അതിരാവിലെ തൊടിയിലേക്ക് പൂ തേടി പോകുന്ന കുരുന്നുകൾ. തുമ്പയാണ് പൂക്കളത്തിലെ രാജാവ്. കമ്മൽ പൂവും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ആദ്യ ദിവസങ്ങളിൽ കളം നിറയും. പിന്നീടങ്ങോട്ട് മറുനാടൻ പൂക്കളുടെ വരവാണ്.
ഗൃഹാതുരതയുടെ ഓർമയാണ് ഓരോ ഓണവും. പഴമക്കാഴ്ചകൾ ഓർത്തെടുത്ത് വീട്ടുമുറ്റത്ത് ഊഞ്ഞാലിട്ട് ആടുന്ന കുരുന്നുകൾ. കൂട്ടായ്മയുടെ സന്തോഷത്തിൽ ഓണക്കോടിയുടുത്ത് സദ്യ ഒരുക്കുന്ന അമ്മമാർ. അങ്ങനെ ഓണക്കാഴ്ചകൾ പലതാണ്. ഇനിയുള്ള 10 ദിവസം പ്രതീക്ഷയുടെയും ആഘോഷത്തിന്‍റെയും ദിനങ്ങളാണ്.
ഓണാഘോഷത്തിന് വിളംബരം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ ജില്ലകളിൽ നിന്നുള്ള ഫ്ലോട്ടുകൾ അണിനിരത്തിയാണ് ഇത്തവണത്തെ ഘോഷയാത്ര. വാദ്യമേളത്തിന്റെ അകമ്പടിയോടെ നാടൻ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. അത്തച്ചമയം ഹരിതച്ചമയം എന്ന പേരില്‍ കര്‍ശനമായ ഹരിത ചട്ടം പാലിച്ചാണ് ഇത്തവണത്തെ അത്തം ഘോഷയാത്രയും ഓണാഘോഷങ്ങളും നടക്കുക.