'കുഞ്ഞുങ്ങളെ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ ആകില്ല'; എ.ഐ കാമറ പിഴയ്ക്ക് എതിരെ ഗണേഷ് കുമാർ എം.എൽ.എ
'സാധാരണക്കാരുടെ ജ്യൂസ് എടുക്കേണ്ട, നിയമങ്ങൾ മനുഷ്യന് വേണ്ടിയാണ്, കുഞ്ഞുങ്ങൾ ഹെൽമെറ്റ് വെക്കട്ടെ' എന്നും ഗണേഷ് കുമാർ
തിരുവനന്തപുരം: എ.ഐ കാമറ പിഴയ്ക്ക് എതിരെ ഗണേഷ് കുമാർ എം.എൽ.എ. ദമ്പതികൾ കുഞ്ഞുമായി യാത്ര ചെയ്താൽ ഫൈൻ അടിക്കുന്നത് ദ്രോഹമാണ്, എല്ലാവർക്കും കാർ വാങ്ങാനുള്ള കഴിവില്ലെന്നും പിഴ നടപ്പിലാക്കുന്നവർക്ക് അതിന് കഴിവുണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം കുഞ്ഞുങ്ങളെ ട്രോളുകളിൽ കാണും പോലെ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ ആകില്ലെന്നും പറഞ്ഞു. 'സാധാരണക്കാരുടെ ജ്യൂസ് എടുക്കേണ്ട, നിയമങ്ങൾ മനുഷ്യന് വേണ്ടിയാണ്, കുഞ്ഞുങ്ങൾ ഹെൽമെറ്റ് വെക്കട്ടെ'' എന്നും ഗണേഷ് കുമാർ എം.എൽ.എ.
അതേസമയം മോട്ടോർ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. 500 ക്യാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ കരാറും കെൽട്രോണിനാണ് നൽകുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് എഐ കാമറകൾ സ്ഥാപിക്കാൻ പൊലീസും തീരുമാനിച്ചത്. ഇതിന്റെ ഓർഡർ കെൽട്രോണിന് നൽകി കഴിഞ്ഞു. വിവിധയിടങ്ങളിൽ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ 500 എഐ കാമറ, അമിത വേഗം കണ്ടെത്താൻ 200 സ്പീഡ് ഡിറ്റക്ഷൻ കാമറ, റെഡ് സിഗ്‌നൽ ലംഘനം കണ്ടെത്താനുള്ള 110 കാമറ, വാഹനങ്ങളിൽ ഘടിപ്പിക്കാൻ 60 കാമറ എന്നിങ്ങനെയാണ് കണക്ക്. പദ്ധതിക്കായി എത്ര തുക ചെലവാകും എന്നതിൽ തീരുമാനമായിട്ടില്ല.
മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 കാമറകളിലെ ദൃശ്യങ്ങൾ ആവശ്യപ്പെടുമ്പോൾ പൊലീസിനും നൽകണമെന്നാണ് വ്യവസ്ഥ. എന്നിട്ടും സ്വന്തമായി എഐ കാമറകൾ വേണമെന്നാണ് പൊലീസിൻറെ ആവശ്യം. എംവിഡിയുടെ കാമറകൾ സ്ഥാപിച്ച ഇടത്ത് ഒരു കാരണവശാലും പൊലീസിൻറെ എഐ കാമറകൾ സ്ഥാപിക്കരുതെന്നാണ് നിർദേശം. എവിടെയൊക്കെ പൊലീസിന്റെ കാമറ സ്ഥാപിക്കാം എന്നതിൽ കെൽട്രോൺ തന്നെ സർവേ നടത്തും.