'കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണം': ഗതാഗത മന്ത്രി ആന്റണി രാജു
യൂനിയനുകൾ വസ്തുകൾ അറിയാതെയാണ് പ്രതിഷേധിക്കുന്നതെന്നും ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല, അഞ്ചാം തിയതിക്ക് മുമ്പ് ആദ്യ ഗഡു നൽകിയെന്നും രണ്ടാം ഗഡു നൽകേണ്ടത് 15 ന് ശേഷമാണെന്നും മന്ത്രി. ധനവകുപ്പ് പണം അനുവദിച്ചാൽ ശമ്പളം നൽകും. ആദ്യഗഡു നൽകിയത് കെ.എസ്.ആർ.ടി.സി ഫണ്ട് കൊണ്ടാണ്. യൂനിയനുകൾ വസ്തുകൾ അറിയാതെയാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്‍റേത് സ്ക്രാപ്പിംഗ് പോളിസിയാണ്. കേരളത്തിൽ ആയിരക്കണക്കിന് സർക്കാർ വാഹനങ്ങൾ ഒഴിവാക്കേണ്ട സ്ഥിതിയിലാണ്. എല്ലാ വകുപ്പുകളിലെയും ഒഴിവാക്കേണ്ട വാഹനങ്ങളുടെ കണക്കുകൾ എടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാഹനങ്ങൾ വാങ്ങാൻ 800 കോടി രൂപയോളം അധിക ബാധ്യത വരുമെന്നും എന്നാൽ കേന്ദ്രം കാര്യമായ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം സർക്കാർ വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും രണ്ടു നയം എന്നത് നീതിയല്ലെന്നും ഇന്നത്തെ ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും പറഞ്ഞു.