'പിന്നിൽ ജമാഅത്തെ ഇസ്‍ലാമി': ആരോപണം ആവർത്തിച്ച് സിപിഎം

ഇത്തവണ, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണവുമായി സിപിഎം രം​ഗത്തെത്തിയിരിക്കുന്നത്.

Update: 2024-10-11 13:32 GMT
Advertising

തിരുവനന്തപുരം: സർക്കാരും മുഖ്യമന്ത്രിയും പ്രതിരോധത്തിലാവുന്ന ഘട്ടത്തിൽ സിപിഎം ഉന്നയിക്കുന്ന 'പിന്നിൽ ജമാഅത്തെ ഇസ്‍ലാമി' ആരോപണം വീണ്ടും. ഇത്തവണ, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണവുമായി സിപിഎം രം​ഗത്തെത്തിയിരിക്കുന്നത്. എഡിജിപി- ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിനു പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയാണെന്നും മാർക്സിസ്റ്റുകാർ ആർഎസ്എസുമായി പാലംപണിയുന്നുവെന്ന് പ്രചരിപ്പിച്ചെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദം.

മുമ്പും പലതവണ ഇതേ ആരോപണവുമായി സിപിഎം നേതാക്കൾ രം​ഗത്തെത്തിയിരുന്നു. പി.വി അൻവർ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കുമെതിരെ രം​ഗത്തെത്തിയതിനു പിന്നാലെയായിരുന്നു ഇത്. മതന്യൂനപക്ഷങ്ങളെ സിപിഎമ്മിൽനിന്ന് അകറ്റാൻ ലക്ഷ്യമിട്ടുള്ള ഗൂഢനീക്കമാണ് പി.വി അൻവർ നടത്തുന്നതെന്നും ഇതിനു പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടെയുള്ള മതമൗലികവാദ സംഘടനകളാണെന്നുമായിരുന്നു സെപ്തംബർ 30ന് സിപിഎം നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

'അൻവറിന്‍റെ പൊതുയോഗം വിജയിപ്പിക്കാൻ ഇത്തരം സംഘടനകൾ മുന്നിൽനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം വിരുദ്ധരായ മറ്റു പാർട്ടികളും അൻവറിനെ പിന്തുണച്ചു. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയെ മതമൗലികവാദിയായി ചിത്രീകരിച്ചത് ഇതിന്‍റെ ഭാഗമാണെ'ന്നും പാലോളി മുഹമ്മദ്കുട്ടി, സംസ്ഥാന കമ്മിറ്റിയംഗം വി.പി സാനു തുടങ്ങിയ നേതാക്കൾ മലപ്പുറത്ത് ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെ, ഇതേ വാദം ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനും എത്തി. പി.വി അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, മുസ്‌ലിം ലീഗ്, കോൺഗ്രസ് ഉൾപ്പെടുന്ന കൂട്ടുമുന്നണിയാണെന്നായിരുന്നു ഒക്ടോബർ രണ്ടിന് എം.വി ഗോവിന്ദൻ പറഞ്ഞത്. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പയ്യാമ്പലത്ത് നടന്ന അനുസ്മരണം സമ്മേളന വേദിയിലായിരുന്നു പരാമർശം.

മലപ്പുറത്തിനെതിരായ സ്വർണക്കടത്ത്, ഹവാല കേസ് ആരോപണവും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നു എന്നും മുഖ്യമന്ത്രിയുടേതായി ദ ഹിന്ദുവിന്റെ അഭിമുഖത്തിൽ വന്ന പരാമർശങ്ങൾ വിവാദമായതോടെയും 'പിന്നിൽ ജമാഅത്തെ ഇസ്‌ലാമി' വാദവുമായി സിപിഎം രം​ഗത്തെത്തി. അഭിമുഖത്തിന്റെ പേരിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ്, ഇതിന് യുഡിഎഫിന് സഹായം ചെയ്ത് കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും ആരോപിച്ചു.

'കേരളത്തിൽ ന്യൂനപക്ഷ വർഗീയത വളർത്താനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്‍ലാമി യു‍ഡിഎഫിന്റെ സ്ലീപിങ് പാർട്ണറായി മാറി. സിപിഎമ്മിനെതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെ'ന്നും റിയാസ് ആരോപിച്ചിരുന്നു. അൻവറിനെ ഉപയോഗപ്പെടുത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമാണെന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം തോമസ്‌ ഐസക്കും രം​ഗത്തെത്തിയതും ദിവസങ്ങൾക്കു മുമ്പാണ്. മുസ്‌ലിം മതന്യൂനപക്ഷങ്ങൾക്കിടയിൽ ഇടതുപക്ഷ സ്വാധീനം വർധിക്കുന്നതിൽ ഏറ്റവും അസ്വസ്ഥത ഇക്കൂട്ടർക്കാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ സിപിഎമ്മിന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനമാണ് ജമാഅത്ത് നേതൃത്വം ഉന്നയിച്ചത്. കേരളത്തിൽ എന്ത് പ്രശ്‌നം വന്നാലും സിപിഎം ഉപയോഗിക്കുന്ന ക്യാപ്‌സൂളാണ് ജമാഅത്തെ ഇസ്‌ലാമിയെന്നാണ് കേരള അമീർ പി. മുജീബുറഹ്മാൻ മറുപടി നൽകിയത്. എല്ലാ അസുഖങ്ങൾക്കും ആ ക്യാപ്‌സൂൾ മതിയാകില്ല. ജമാഅത്തെ ഇസ്‌ലാമിയെ പഴിചാരി യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്വർണക്കടത്ത് അടക്കമുള്ള പ്രശ്‌നങ്ങൾ മറികടക്കാനാണ് സിപിഎം ജമാഅത്തിനെ പറയുന്നതെന്നും സംഘ്പരിവാറിന് ആയുധം കൊടുക്കാനാണ് മുഖ്യമന്ത്രി ദ ഹിന്ദുവിന് അഭിമുഖം നൽകിയത്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ നാളെ സംഘ്പരിവാർ ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ ആരോപണം അവസാനിപ്പിക്കാൻ സിപിഎം തയാറായിട്ടില്ല എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ ഇന്നത്തെ പ്രസ്താവന തെളിയിക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News