ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ.പി യോഹന്നാൻ അന്തരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് അമേരിക്കയില്‍ ചികിത്സയിലായിരുന്നു
Update: 2024-05-08 15:54 GMT
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ അത്തനാസിയോസ് യോഹാൻ എന്ന കെ.പി യോഹന്നാൻ അന്തരിച്ചു.
വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഡാലസിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ടെക്സസിൽ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.30-നായിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. സിനഡ് ചേർന്ന് തുടർന്നുള്ള നടപടിക്രമങ്ങൾ അറിയിക്കുമെന്ന് സഭ വക്താവ് അറിയിച്ചു.
കെ പി യോഹന്നാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. സഭയ്ക്കും സഭൈക്യ പ്രസ്ഥാനങ്ങള്‍ക്കും പൊതുസമൂഹത്തിനാകെയും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു.