എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും ഏകീകൃത കുർബാന നടന്നില്ല; പറവൂരിലും മഞ്ഞപ്രയിലും വൈദികനെ തടഞ്ഞു
ഫോർട്ടുകൊച്ചിയിലും കാക്കനാടും കീഴ്മാടും ഏകീകൃത കുർബാന നടത്തി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും ഏകീകൃത കുർബാന നടന്നില്ല. പറവൂരിലും മഞ്ഞപ്രയിലും ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ വിശ്വാസികൾ തടഞ്ഞു. പറവൂർ കോട്ടക്കാവ് പള്ളിയിലാണ് കുർബാന അർപ്പിക്കാനെത്തിയ വൈദികനെ തടഞ്ഞത്. മറുവിഭാഗം വിശ്വാസികളാണ് വൈദികനെ തടഞ്ഞത്. ഇതോടെ പള്ളി അടച്ചു.മഞ്ഞപ്ര മാർ സ്ലീവാ പള്ളിയിലും വൈദികനെ മറുവിഭാഗം തടഞ്ഞു. ഇതോടെ പള്ളി അടച്ചിട്ടു. അതേസമയം, ഫോർട്ട് കൊച്ചി,കാക്കനാട് കീഴ്മാട് പള്ളികളിൽ ഏകീകൃത കുർബാന നടത്തി.
കുർബാന വിഷയത്തിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനയുടെ അടിസ്ഥാനത്തിലാണ് ഏകീകൃത കുർബാന അർപ്പിക്കുന്നത്. ഏകീകൃത കുർബാന അർപ്പിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള വൈദികർക്ക് ആർച്ച് ബിഷപ്പ് സിറിൽ വാസിലാണ് കത്തയച്ചത്. എല്ലാവർക്കും നിർദേശം ലഭിച്ചെന്ന് ഉറപ്പിക്കാനാണ് രജിസ്‌ട്രേഡ് തപാലിൽ കത്ത് അയച്ചിരിക്കുന്നത്.
പള്ളികളിൽ ഏകീകൃത കുർബാന നടപ്പിലാക്കിയാൽ തടയുമെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും അറിയിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളികളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.