ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതം; പന്ത്രണ്ടായിരം രൂപ ക്വട്ടേഷന് മുൻകൂർ നൽകിയതായി കണ്ടെത്തി

കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് ബിജു ജോസഫിന്റെ മൃതദേഹം കണ്ടത്

Update: 2025-03-22 16:21 GMT
Editor : സനു ഹദീബ | By : Web Desk
ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതം; പന്ത്രണ്ടായിരം രൂപ ക്വട്ടേഷന് മുൻകൂർ നൽകിയതായി കണ്ടെത്തി
AddThis Website Tools
Advertising

ഇടുക്കി: തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പന്ത്രണ്ടായിരം രൂപ ക്വട്ടേഷന് മുൻകൂർ നൽകിയതായി കണ്ടെത്തിയെന്ന് ഇടുക്കി എസ്പി ടി.കെ വിഷ്ണുപ്രദീപ് പറഞ്ഞു. തട്ടിക്കൊണ്ട് പോകുമ്പോൾ പ്രതി ജോമോനും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇന്ന് വൈകീട്ടാണ് ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഗോഡൗണിലെ വേസ്റ്റ് കുഴി പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

വ്യാഴാഴ്ച പുലർച്ചെ മുതൽ ബിജുവിനെ കാണാനില്ലെന്ന കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ബിസിനസ് പങ്കാളിയായ ജോമോനും ബിജു ജോസഫും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും ജോമോൻ ക്വട്ടേഷൻ സഹായം തേടിയെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് ജോമോനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ബിജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നും മരിച്ചതോടെ മൃതദേഹം കലയന്താനിയിലെ ക്യാറ്ററിംഗ് ഗോഡൗണിൽ മറവ് ചെയ്തെന്നുമായിരുന്നു മൊഴി. പൊലീസിൻ്റെ തുടരന്വേഷണത്തിൽ മൃതദേഹം ഗോഡൗണിലെ മാലിന്യടാങ്കിൽ നിന്ന് കണ്ടെത്തി.

കേസിൽ നാല് പ്രതികളാണ് ഉള്ളത്. ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മുഹമ്മദ് അസ്ലം, ബിബിൻ എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരു പ്രതിയായ ആഷിക് കാപ്പ കേസിൽ എറണാകുളത്ത് റിമാൻഡിലാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News