ബി.ജെ.പിയുടെ കള്ളപണം കവർച്ച ചെയ്ത കേസ്; മുഴുവൻ പണവും കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നു

പ്രതികളെ പിടികൂടുന്നതിന് ആദ്യ ഘട്ടത്തിൽ കാലതാമസം ഉണ്ടായതാണ് പൊലീസിന് വിനയായത്.

Update: 2021-06-08 02:28 GMT
Advertising

ബി.ജെ.പിയുടെ കള്ളപണം കവർച്ച ചെയ്ത കേസിൽ നഷ്ടമായ മുഴുവൻ പണവും കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നു. കവർച്ചാ കേസ് പ്രതികളെ ചോദ്യം ചെയ്തിട്ടും പണം കണ്ടെത്താൻ പൊലീസിനായിട്ടില്ല. കള്ളപണ കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രതികളെ പിടികൂടുന്നതിന് ആദ്യ ഘട്ടത്തിൽ കാലതാമസം ഉണ്ടായതാണ് പോലീസിന് വിനയായത്. പരാതി ലഭിച്ച് 20 ദിവസം കഴിഞ്ഞാണ് ഒരു പ്രതിയെ പിടികൂടുന്നത്. അതിന് മുന്നേ കവർച്ചാ പണം പ്രതികൾ പങ്കിട്ടെടുത്തിരുന്നു. കൂടാതെ പലരും മറ്റ് ആവശ്യങ്ങൾക്കായി പണം വിനിയോ​ഗിക്കുകയും ചെയ്തു.

കേസിൽ 21 പ്രതികൾ പിടിയിലായിട്ടുണ്ടെങ്കിലും ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു കോടി 25 ലക്ഷം രൂപയാണ് ലഭിച്ചത്. കൊടകരയിൽ ഇരുപത്തഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പരാതി എങ്കിലും മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കവർച്ച പണം കണ്ടെത്തുക, പണത്തിന്റെ ഉറവിടം, ആർക്കാണ് പണമെത്തിച്ചത് എന്നിവ അന്വേഷിക്കുക എന്നിവയായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ആദ്യം കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥരിൽ ചിലർക്ക് പ്രതികളുമായുള്ള ബന്ധവും കേസിൽ പ്രതികൂലമായതായാണ് വിലയിരുത്തൽ. ഇതിനിടെ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ കേസിൽ മാറിയെത്തുകയും ചെയ്തു. ഇവർ അറസ്റ്റിലായ പ്രതികളെ ജയിലിൽ എത്തി പലവട്ടം ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തെങ്കിലും കാര്യമായ ഫലമുണ്ടായില്ല. എന്നാൽ കവർച്ച നടന്ന് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും മൂന്നര കോടി രൂപ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല എന്നത് അന്വേഷണ സംഘത്തിന് പ്രതിസന്ധിയാകുന്നുണ്ട്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News