തെരഞ്ഞെടുപ്പ് ഫണ്ട് ഓഡിറ്റിങ് വേണമെന്ന് ബി.ജെ.പി ഭാരവാഹിയോഗത്തില്‍ ആവശ്യം
സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റിങ് വേണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം. ഇന്ന് രാവിലെയാണ് കാസര്‍ഗോഡ് ബി.ജെ.പി സംസ്ഥാന നേതൃയോഗം ആരംഭിച്ചത്. നേതൃയോഗത്തിന് മുമ്പ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും ചേര്‍ന്നിരുന്നു.
സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രാദേശിക തലത്തില്‍ പോലും പാര്‍ട്ടി ദുര്‍ബലാണ്. യോഗ്യരായ യുവാക്കളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഉച്ചക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ചര്‍ച്ച നടന്നത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്ക് അവതരിപ്പിക്കണം. ഇരുട്ടു കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് നേതാക്കള്‍ നടത്തുന്നതെന്നും വിമര്‍ശനമുയര്‍ന്നു. എന്‍.ഡി.എ ഘടകക്ഷികള്‍ മുഴുവന്‍ പണത്തിന് പുറകെയാണ്. പാര്‍ട്ടിക്ക സഹായകരമായ നിലപാടുകള്‍ ഘടകക്ഷികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.