20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബി.ജെ.പി ജയിക്കില്ല; രണ്ടാം സ്ഥാനം പോലും കിട്ടില്ല: മുഖ്യമന്ത്രി

കോൺഗ്രസിന്റെ പ്രകടനപത്രിക ഫാസിസത്തെ നേരിടാൻ പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Update: 2024-04-06 05:56 GMT
Advertising

ചേർത്തല: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബി.ജെ.പി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും രണ്ടാം സ്ഥാനം പോലും ലഭിക്കില്ല. സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പ്രകടനപത്രിക ഫാസിസത്തെ നേരിടാൻ പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൗരത്വഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് കുറ്റകരമായ മൗനം പാലിക്കുകയാണ്. പൗരത്വനിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ എന്തുകൊണ്ടാണ് കോൺഗ്രസിന് കഴിയാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

പാനൂരിലെ ബോംബ് സ്‌ഫോടനം തീർത്തും നിയമവിരുദ്ധമായ പ്രവർത്തനമാണ്. പൊലീസ് ഗൗരവമായി അന്വേഷണം നടത്തും. വടകര ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ലരീതിയിൽ ജയിച്ചുവരാൻ പോകുന്ന മണ്ഡലമാണ്. അവിടെ സി.പി.എമ്മിന് ഒരു ആശങ്കയുമില്ല. ഇപ്പോൾ പാനൂരിലുണ്ടായ സംഭവത്തിൽ സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ടുള്ളതാണ് സി.പി.എം പ്രകടനപത്രിക. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം മുന്നോട്ടുവെക്കുന്നത്. കശ്മീർ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസ് സംഘ്പരിവാറുമായി സമരസപ്പെടുന്നതിന് ഇതിൽപ്പരം മറ്റൊരു തെളിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News