നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ പ്രസംഗത്തിലെ കേന്ദ്രവിരുദ്ധപരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ പ്രസംഗത്തിലെ കേന്ദ്രവിരുദ്ധപരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ്.
ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ 33 ദിവസമാണ് സഭ ചേരുന്നത്. രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭ തുടങ്ങും. മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനപ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരിച്ചയച്ചത്. സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനമുണ്ടെന്നാണ് സൂചന.
പൊലീസ് ക്രമിനല്‍ ബന്ധം, സര്‍വകലാശാല വിവാദങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിന് സഭ പ്രക്ഷുബ്ധമാക്കാന്‍ വിഷയം നിരവധിയാണ്. ജനുവരി 25, ഫെബ്രുവരി 1,2 തിയതികളില്‍ നയപ്രഖ്യാപന ചര്‍ച്ചയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ ധനാഭ്യര്‍ത്ഥന ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതുമാണ്.