ബഫർസോൺ ഹരജികൾ സുപ്രിംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു

ജസ്റ്റിസ് ബി.ആർ.ഗവായിയുടെ ബെഞ്ചിന്റേതാണ് തീരുമാനം

Update: 2023-01-16 16:04 GMT

സുപ്രീംകോടതി

Advertising

ന്യൂഡല്‍ഹി: ബഫർ സോണിൽ ഇളവ് ആവശ്യപ്പെട്ട ഹരജികൾ മൂന്നംഗബെഞ്ചിന്‌ വിട്ട് സുപ്രിംകോടതി. ബഫർസോൺ പരിധി നിയന്ത്രണം കടുപ്പിച്ച വിധി പരിഷ്‌ക്കരിക്കാനുള്ള സൂചനയും സുപ്രിംകോടതി നൽകി. കേരളമുയർത്തിയ ആശങ്കകൾക്ക് ഒരുപരിധിവരെ പരിഹാരം നൽകുന്ന സമീപനമാണ് സുപ്രിംകോടതിയിലെ ജസ്റ്റിസ് ബി ആർ ഗവായ് കൈകൊണ്ടത്.

കരട് വിജ്ഞാപനം നേരത്തെ ഇറങ്ങിയത് സുപ്രിംകോടതിയെ യഥാസമയം അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി സർക്കാരുകൾ സമ്മതിച്ചതോടെ വിധി പരിഷ്‌ക്കരിക്കുന്നതിനു ജസ്റ്റിസ് ബി ആർ ഗവായ് പച്ചക്കൊടി കാട്ടി. വനാതിർത്തിയിലും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിശ്ചയിച്ചത് മൂന്നംഗ ബെഞ്ച് ആയതിനാൽ പരിഷ്ക്കരണവും ഉയർന്ന ബെഞ്ചിന് വിട്ടു. നേരത്തെ പരിഗണിച്ചവരിൽ ഒരു ജഡ്ജി വിരമിച്ചതിനാൽ പുതിയ അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

കഴിഞ്ഞ ജൂൺ മൂന്നിലെ വിധിയോടെ കേരളത്തിൽ ഉയർന്ന ആശങ്കകൾ ഹരജിക്കാർക്ക് കൃത്യമായി ബോധിപ്പിക്കാനായത് കോടതിയുടെ മനംമാറ്റത്തിന് കാരണമായി. കേരള ഹൈക്കോടതി നിലനിൽക്കുന്നത് മംഗള വനത്തിന്റെ 25 മീറ്റർ മാത്രം ദൂരപരിധിയിലാണെന്നും ബത്തേരി നഗരസഭയുടെ 80 ശതമാനം പ്രദേശങ്ങളും ബഫർസോണിൽ പെട്ടുപോയെന്നും ചൂണ്ടിക്കാട്ടി. ഖനനം അടക്കം നിയന്ത്രിക്കുന്നതിനാണ് നിബന്ധനകൾ കോടതി ഏർപ്പെടുത്തിയെങ്കിലും ജനജീവിതത്തെയാണ് ദോഷമായി ബാധിച്ചത്. തലമുറകളായി താമസിക്കുന്നവരാണ് ഒരു സുപ്രഭാതത്തിൽ ബഫർ സോണിലായത്. വീട് നിർമാണം അടക്കം തടസപ്പെട്ടതായി അഭിഭാഷകർ അറിയിച്ചു.

ഭേദഗതിക്ക് തീരുമാനിച്ച സ്ഥിതിക്ക് കേരളം നേരത്തെ പരിഗണിച്ച പുനഃ പരിശോധന ഹരജി പരിഗണിക്കുന്നില്ലെന്നു ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനിലെ സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത് കൊണ്ടാണ് നേരത്തെ കേരളത്തിലെ കരട് വിജ്ഞാപനം അറിയിക്കാതിരുന്നതെന്നു ചോദ്യത്തിന് ഉത്തരമായി കേരളത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രായോഗിക പ്രശ്‌നത്തിന് എല്ലാവരും ശ്രമിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതോടെ മാസങ്ങൾ നീണ്ട ആശങ്കയുടെ മഞ്ഞുരുക്കമായി. കേരളത്തിലെ ബുദ്ധിമുട്ടുകൾ ബോധ്യപ്പെട്ടതോടെയാണ് കോടതി തിരുത്തലുകളിലേക്ക് ചുവടു വയ്ക്കുന്നത്.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News