'മതസ്പർദ്ധ ഇളക്കിവിടുന്ന പരാമർശം നടത്തി'; പി.സി ജോർജിനെതിരെ പരാതി നൽകി എസ്ഡിപിഐ
എസ്ഡിപിഐ പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീനാണ് മുഖ്യമന്ത്രി, ഡിജിപി, മലപ്പുറം എസ്പി എന്നിവർക്ക് പരാതി നൽകിയത്.
മലപ്പുറം: പി.സി ജോർജിനെതിരെ പരാതി നൽകി എസ്ഡിപിഐ. ജനം ടിവി ചർച്ചയിൽ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർദ്ധ ഇളക്കിവിടുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി. എസ്ഡിപിഐ പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ധീനാണ് മുഖ്യമന്ത്രി, ഡിജിപി, മലപ്പുറം എസ്പി എന്നിവർക്ക് പരാതി നൽകിയത്.
2025 ജനുവരി 6-ന് പി.സി ജോർജ് നടത്തിയ പരാമർശത്തിലാണ് നടപടി. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ മുസ്‌ലിംകളും തീവ്രവാദികളും ഭീകരവാദികളുമാണ്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് തുടങ്ങിയ പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയത്. അത്യന്തം നീചവും പ്രകോപനപരവുമായ പ്രസ്താവനയാണ് പി.സി ജോർജ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
പ്രസ്താവന ഇന്ത്യയിലെ മുഴുവൻ മുസ്‌ലിംകളെയും അധിക്ഷേപിക്കുന്നതും രാജ്യദ്രോഹികളായി മുദ്രകുത്തുന്നതുമാണ്. താനൊരു ഇന്ത്യൻ പൗരനും മുസ്‌ലിമുമാണ്. പ്രസ്തുത അധിക്ഷേപങ്ങൾ ഒരു മുസ്‌ലിം എന്ന നിലയിൽ തന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതും മതവികാരം വ്രണപ്പെടുത്തിയിട്ടുള്ളതുമാണ്. സർവോപരി അത് തന്റെ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നതും മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നും ശംസുദ്ദീന്റെ പരാതിയിൽ പറയുന്നു. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിന് മുസ്‌ലിംകളോട് വിദ്വേഷമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് പി.സി ജോർജ് മനപ്പൂർവം ഇത്തരം പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.