തൃശൂരില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് ബസ് യാത്രക്കാര്‍ക്ക് പരിക്ക്; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബസ് മുകളിലേക്ക് മറിഞ്ഞിട്ടും കാർ യാത്രക്കാർക്ക് കാര്യമായ പരിക്കുകളൊന്നും പറ്റാത്തത് രക്ഷയായി

Update: 2022-05-17 06:35 GMT
Advertising

തൃശൂര്‍: ദേശീയപാത തൃശൂർ ആമ്പല്ലൂർ സിഗ്‌നൽ ജങ്ഷനിൽ ടൂറിസ്റ്റ് ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ 5 പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 5.30ഓടെയായിരുന്നു അപകടം.

ആമ്പല്ലൂർ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന മാരുതി ബ്രസ കാറിനു മുകളിലേക്ക് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. മുകളിലേക്ക് ബസ് മറിഞ്ഞിട്ടും കാർ യാത്രക്കാർക്ക് കാര്യമായ പരിക്കുകളൊന്നും പറ്റാത്തത് രക്ഷയായി. പുതുക്കാട് പൊലീസും അഗ്‌നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. വേഗത്തിൽ വന്നിരുന്ന ബസ് സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.

കാസർകോടു നിന്നും മൂന്നാറിലേക്ക് വിനോദയാത്രപോയ ബസും മൂർക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയ കാറുമാണ് അപകടത്തിൽപ്പെട്ടത്. ആമ്പല്ലൂർ സിഗ്‌നലിൽ ഇടയ്ക്കിടെ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ ആമ്പല്ലൂരിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് തകർന്നിരുന്നു. അത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത റോഡിൽ അത് മാറ്റിയിട്ട നിലയിലാണ്. ഈ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാത്തത് മൂലം ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ശരിയായി സിഗ്‌നൽ കാണാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News