പുരപ്പുറ സോളാര്‍ പദ്ധതിയില്‍ നിന്ന് ഉടമകള്‍ അകലുമെന്ന് ആശങ്ക
കരടിന്മേൽ ആക്ഷേപം ഉന്നയിക്കാൻ മതിയായ സമയം ലഭിക്കാൻ ഈ മാസം 11നുള്ള പബ്ലിക് ഹിയറിങ് നീട്ടിവയ്ക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന പുരപ്പുറ സോളാര്‍ പദ്ധതിയില്‍ നിന്ന് ഉടമകള്‍ അകലുമെന്ന് ആശങ്ക. നിലവിലുള്ള പല ഇളവുകളും നീക്കിയുള്ള പാരമ്പര്യേതര ഊര്‍ജ ഉല്‍പാദന കരട് ഭേദഗതി ചട്ടം വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. കരടിന്മേൽ ആക്ഷേപം ഉന്നയിക്കാൻ മതിയായ സമയം ലഭിക്കാൻ ഈ മാസം 11നുള്ള പബ്ലിക് ഹിയറിങ് നീട്ടിവയ്ക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
വൈദ്യുതി ബില്ലില്‍ കുറവ്, ഉല്‍പാദിപ്പിക്കുന്ന അധിക വൈദ്യുതിക്ക് നല്ല വില, സബ്സിഡി ഇതൊക്കെയാണ് ആദ്യം പുരപ്പുറ സൗരോര്‍ജ പദ്ധതിയിലേക്ക് പലരെയും ആകര്‍ഷിച്ചത്. എന്നാല്‍ ഇനി ചിത്രം മാറും. കരട് ചട്ടം ഉപഭോക്താക്കളെ പിന്നോട്ടടിക്കുന്നതാണ്. നിലവിലെ നെറ്റ് മീറ്റര്‍ റീഡിങ് മാറ്റി പകരം ഗ്രോസ് മീറ്റര്‍ റീഡിങ് നടപ്പിലാക്കും. ഇതോടെ മറ്റുള്ളവരെ പോലെ കെ.എസ്.ഇ.ബിയുടെ മുഴുവന്‍ വൈദ്യുതി ബില്ലും സൗരോര്‍ജ ഉടമയും അടക്കണം. ബോര്‍ഡിന് വില്‍ക്കുന്ന വൈദ്യുതിക്കുള്ള നിരക്കും കുറയും.
500 കിലോവാട്ടിന് മുകളില്‍ വൈദ്യുതി ഉദ്പാദിപ്പിക്കുന്നവരെ മാത്രമേ പുതിയമാറ്റം ബാധിക്കുയുള്ളുവെന്നാണ് കരടില്‍ പറയുന്നത്. എന്നാല്‍ ഭാവിയില്‍ ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും നിയമം ബാധകമായേക്കാം. നിലവിലുള്ള ഗാര്‍ഹിക, ലോ ടെന്‍ഷന്‍ ഉപഭോക്താക്കളെ കരട് നയം ബാധിക്കില്ലെന്നും അവര്‍ക്കുള്ള സബ്സിഡി തുടരുമെന്നുമാണ് കെ.എസ്.ഇ.ബിയും റഗുലേറ്ററി കമ്മീഷനും വിശദീകരിക്കുന്നത്. 500 കിലോവാട്ടിന് മുകളില്‍ വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ഉടമകളുടെ എണ്ണം 5000 മാത്രമെന്നാണ് ബോര്‍ഡ് നല്‍കുന്ന കണക്ക്.