തന്റെ സ്വത്ത് വിവരങ്ങൾ കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല; മറുപടിയുമായി സി.വി വർഗീസ്
സി.പി.എം നേതാക്കളുടെ ജീവചരിത്രം നോക്കാൻ മാത്യു കുഴൽനാടനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.വി വർഗീസ് പറഞ്ഞു.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിൽ മാത്യു കുഴൽനാടനു മറുപടിയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. തന്റെ സ്വത്ത് വിവരങ്ങൾ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. സി.പി.എം നേതാക്കളുടെ ജീവചരിത്രം നോക്കാൻ മാത്യു കുഴൽനാടന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.വി വർഗീസ് പ്രതികരിച്ചു.
കുഴൽ നാടനെ പോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കുന്നത് പോലെ സി.പി.എമ്മിൽ ആരെയും അനുവദിക്കാറില്ലെന്നും വർഗീസ് പറഞ്ഞു. നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാർട്ടി അച്ചടക്കം പാലിക്കുന്നവരാണ്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരും പ്രവര്‍ത്തകരും അവരുടെ കുടുബാംഗങ്ങളുടെ ജീവിതരീതി എങ്ങനെ ആവണമെന്ന് സംബന്ധിച്ച് പാര്‍ട്ടിക്ക് നല്ല ധാരണയുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്നക്കനാലിൽ മാത്യു വീടിന്റെ പെർമിറ്റ് എടുത്ത് റിസോർട്ട് ആരംഭിച്ചു. റെസിഡൻസി പെർമിറ്റ് നേടിയിട്ടുണ്ടെന്ന് ഇന്നലെ കുഴൽനാടൻ പറഞ്ഞു. എന്നാൽ ഇടുക്കി ജില്ലയിൽ 20219 ന് ശേഷം ഓരു നിർമ്മാണ പ്രവർത്തനത്തിനും അനുമതി നൽകിയിട്ടില്ലെന്നും സി.വി വർഗീസ് പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടി നൽകി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഇന്നലെ രംഗത്ത് എത്തിയിരുന്നു. താൻ ഭൂ നിയമം ലംഘിച്ചിട്ടില്ലെന്നും ഹോം സ്റ്റേ നടത്തിപ്പ് ലെസൻസ് പ്രകാരമാണെന്നും ഭൂനിയമം ലംഘിച്ച് പണിതത് എ.കെ.ജി സെന്ററാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനൻ, ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് എന്നിവർക്ക് കോടിക്കണക്കിന് സ്വത്തുണ്ട്. ഇവർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് പറയാൻ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ എന്നായിരുന്നു കുഴൽനാടൻ ചോദിച്ചത്. ഇതിനാണ് ഇപ്പോൾ സി വി വർഗീസ് മറുപടി നൽകിയത്.