കാലിക്കറ്റ് യൂനിവേഴ്സിറ്റി ലൈംഗികാതിക്രമം: ഡോ ഹാരിസ് കോടമ്പുഴ കൂടുതല്‍ വിദ്യാർഥിനികളെ ചൂഷണം ചെയ്തതായി സൂചന
ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിയുടെ പരാതിയിലാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റ് അസി. പ്രൊഫസർ ഡോ ഹാരിസ് കോടമ്പുഴക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കാലിക്കറ്റ് യൂനിവേഴ്സിറ്റി അധ്യാപകന് ഡോ ഹാരിസ് കോടമ്പുഴ കൂടുതല്‍ വിദ്യാർഥിനികളെ ചൂഷണം ചെയ്തതായി സൂചന. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അധ്യാപകനെ യൂനിവേഴ്സിറ്റ് സസ്പെന്‍ഡ് ചെയ്തു. വിദ്യാർഥിനിയുടെ പരാതി നേരത്തെ ലഭിച്ചിട്ടും ഡോക്ടർ ഹാരിസിനെതിരെ നടപടിയെടുക്കുന്നത് യൂനിവേഴ്സിറ്റി വൈകിച്ചെന്നും പരാതിയുണ്ട്.
ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിയുടെ പരാതിയിലാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റ് അസി. പ്രൊഫസർ ഡോ ഹാരിസ് കോടമ്പുഴക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. നിലവിലെ പരാതിക്കാരിയെ കൂടാതെ മറ്റു വിദ്യാർഥിനികളെയും അധ്യാപകന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തി.
ഈ മാസം 5 നാണ് വിദ്യാർഥിനി യൂനിവേഴ്സിറ്റി ആഭ്യന്തര പരാതി സമിതിക്ക് പരാതി നല്‍കിയത്. വെള്ളിയാഴ്ച പരാതി പോലീസിന് കൈമാറി. അന്നു തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അധ്യാപകനെതിരെ നടപടി എടുത്തതായി ആദ്യം സമ്മതിക്കാതിരുന്ന യൂനിവേഴ്സിറ്റി അധികൃതർ ഇന്നലെ കേസ് സംബന്ധിച്ച വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്. അധ്യാപകനെ സംരക്ഷിക്കാനുള്ള നീക്കമുണ്ടായാല്‍ പരസ്യപ്രതിഷേധത്തിലേക്കിറങ്ങുമെന്ന് എം.എസ്.എഫ് അടക്കമുള്ള വിദ്യാർഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുമന്നാണ് സൂചന.