കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: എം.എസ്.എഫ്
സർവകലാശാല വിദ്യാർഥി ക്ഷേമ വിഭാഗം ഡീനിനെയും ഓഫീസ് സ്റ്റാഫിനെയും എം.എസ്.എഫ് പ്രവർത്തകർ തടഞ്ഞുവെച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രതിഷേധം. സർവകലാശാല വിദ്യാർഥി ക്ഷേമ വിഭാഗം ഡീനിനെയും ഓഫീസ് സ്റ്റാഫിനെയും എം.എസ്.എഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിലുള്ള തർക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ അന്തിമ പട്ടിക ഔദ്യോഗികമായി കൈമാറാത്തതിലാണ് എം.എസ്.എഫ് പ്രതിഷേധം. നവംബർ എട്ടിന് തെരഞ്ഞെടുപ്പ് പൂർത്തിയായതനുസരിച്ച് 15 ദിവസത്തിനകം കോളജുകൾ പട്ടിക യൂണിവേഴ്‌സിറ്റിക്ക് കൈമാറണമെന്നായിരുന്നു നിർദേശം. പിന്നീട് പട്ടിക കൈമാറാനുള്ള സമയം ഒരാഴ്ച കൂടി നീട്ടി നൽകി. സമയപരിധി അവസാനിച്ചിട്ടും വിജയിച്ചവരുടെ പട്ടിക ഔദ്യോഗികമായി കൈമാറുന്നില്ലെന്ന് എം.എസ്.എഫ് ആരോപിക്കുന്നു . യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള യു.യു.സിമാരുടെ എണ്ണത്തിൽ കൃത്രിമം കാണിക്കാനാണ് ശ്രമമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് പറഞ്ഞു.
പട്ടിക ഔദ്യോഗികമായി നൽകാനാവില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചതോടെയാണ് എം.എസ്.എഫ് പ്രതിഷേധം ആരംഭിച്ചത്. സര്‍വകലാശാല ക്ഷേമ വിഭാഗം ഡീൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം എം.എസ്.എഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളജുകൾ ഇതുവരെ നൽകിയ വിജയിച്ചവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് പട്ടിക ഉടൻ കൈമാറാമെന്ന് അധികൃതർ അറിയിച്ചതോടെയാണ് താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്.