കാഴ്ചയില്ലാത്തവർക്ക് കാപ്ചെ ഒഴിവാക്കി കാലിക്കറ്റ് സർവകലാശാലാ വെബ് സൈറ്റ്
നിലവില്‍ രജിസ്റ്റർ നമ്പറിനൊപ്പം ഗൂഗിൾ കാപ്ചെ കോഡ് കൂടി നൽകുമ്പോഴാണ് ഫലം ലഭ്യമാവുക
Update: 2023-05-09 15:16 GMT
മലപ്പുറം: കാഴ്ചാ പരിമിതർക്ക് വെബ് സൈറ്റിൽ പരീക്ഷാ ഫലം അറിയുന്നതിന് സൗകര്യമൊരുക്കി കാലിക്കറ്റ് സർവകലാശാല. നിലവില്‍ രജിസ്റ്റർ നമ്പറിനൊപ്പം ഗൂഗിൾ കാപ്ചെ കോഡ് കൂടി നൽകുമ്പോഴാണ് ഫലം ലഭ്യമാവുക.
ഉപയോക്താവ് യന്ത്രമല്ലെന്നും മനുഷ്യൻ തന്നെയാണെന്നും ഉറപ്പിക്കുന്നതിനായി അക്ഷരങ്ങളും അക്കങ്ങളും അവ്യക്തമായി ചേർത്താണ് കാപ്ചെ ഉണ്ടാവുക.കാഴ്ചാ പരിമിതർക്ക് ഇത് സ്വന്തമായി ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാപ് ചെ ഒഴിവാക്കിയും കോഡ് ഏതാണെന്ന് ശബ്ദ സന്ദേശം നൽകിയുമാണ് ഇപ്പോൾ സഹായിക്കുക.
വിദ്യാർഥികളുടെ അഭ്യർഥന മാനിച്ച് സർവകലാശാലാ കമ്പ്യൂട്ടർ സെൻ്ററാണ് സംവിധാനം ഒരുക്കിയതെന്ന് പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാം രാജ് പറഞ്ഞു.