ഗവർണർക്ക് മന്ത്രിയെ പുറത്താനാകുമോ? നിയമം പറയുന്നതെന്ത്?

ഒരു സംസ്ഥാനത്തെ മന്ത്രിയെ നീക്കാൻ ഭരണഘടനാ ചുമതലയുള്ള ഗവർണർക്ക് അധികാരമുണ്ടോ?

Update: 2022-10-26 08:05 GMT
Editor : abs | By : Web Desk
Advertising

ധനമന്ത്രി കെഎൻ ബാലഗോപാലിനെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകിയിരിക്കുകയാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെഎൻ ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അതൃപ്തിയുണ്ടെന്നും നീക്കണമെന്നുമാണ് ഗവർണറുടെ ആവശ്യം. എന്നാൽ ആവശ്യം മുഖ്യമന്ത്രി തള്ളി. ഗവർണർക്കെതിരെ കെഎൻ ബാലഗോപാൽ ഈയിടെ നടത്തിയ രൂക്ഷമായ വിമർശനത്തിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി.

ഒരു സംസ്ഥാനത്തെ മന്ത്രിയെ നീക്കാൻ ഭരണഘടനാ ചുമതലയുള്ള ഗവർണർക്ക് അധികാരമുണ്ടോ? നിയമം പറയുന്നത് എന്താണ് എന്നു പരിശോധിക്കുന്നു.

മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഒരംഗത്തെയും ഗവർണർക്ക് നീക്കാൻ കഴിയില്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെ നിയോഗിക്കാനുള്ള അധികാരം ഗവർണർക്കാണ്. എന്നാല്‍ തന്റെ ഇഷ്ടപ്രകാരം ഏതെങ്കിലും മന്ത്രിയെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഗവർണർക്ക് കഴിയില്ല. മുഖ്യമന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണ് മന്ത്രിമാരെ നിയമിക്കാനാകുക. മന്ത്രിയെ നീക്കണമെങ്കിലും മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനയിലെ 164(1) വകുപ്പ് പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നത്. സഭയിൽ ഭൂരിപക്ഷമുള്ള സർക്കാറിനെ ഗവർണർക്ക് പിരിച്ചുവിടാൻ ആകില്ലെന്ന് നിരവധി തവണ സുപ്രിംകോടതി പല വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. സഭയിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ തന്റെ പ്രീതി പിൻവലിക്കുന്നു എന്ന് പറയാനും ഗവർണർക്കാകില്ല. സഭയിൽ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഗവർണറുടെ പ്രീതി തുടരും എന്നതാണ് ഭരണഘടനാ വകുപ്പിന്റെ പൊരുൾ.

ഇനി മന്ത്രിയെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗവർണർ നീക്കിയാൽ മന്ത്രിസഭയ്ക്ക് കോടതിയെ സമീപിക്കാം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News