'പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളെ പിൻവലിക്കണം': പി.വി അൻവറിനോട് യുഡിഎഫ്
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സമാന മനസ്കരുടെ കൂട്ടായ്മയാണ് വേണ്ടതെന്ന് യുഡിഎഫ്
തിരുവനന്തപുരം: പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് പി.വി അൻവറിനോട് യുഡിഎഫ് ആവശ്യപ്പെട്ടു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സമാന മനസ്കരുടെ കൂട്ടായ്മയാണ് വേണ്ടതെന്നും യുഡിഎഫ്.
അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ)യുടെ പാർട്ടി ടിക്കറ്റിൽ മുൻ കോൺഗ്രസ് നേതാവ് എൻ.കെ സുധീറാണ് ചേലക്കരയിൽ നിന്ന് ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജ് മെദാർ ആണ് പാലക്കാട് ഡിഎംകെ സ്ഥാനാർഥി. അതേസമയം വയനാട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഡിഎഫിന്റെ ആവശ്യം പി.വി അൻവർ സ്വീകരിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുൻ കോൺഗ്രസ് നേതാവിനെ തന്നെ ഡിഎംകെ ചേലക്കരയിൽ കളത്തിലിറക്കിയത് കോൺഗ്രസിന് വൻ ക്ഷീണമാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ് എൻ.കെ. സുധീർ. കെപിസിസി സെക്രട്ടറിപദവും ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്.
പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിനകത്തു തന്നെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ അമർശം പ്രകടിപ്പിച്ചാണ് പി. സരിൻ പാർട്ടി വിട്ടതും സിപിഎമ്മിൽ ചേർന്നതും നിലവിൽ സ്ഥാനാർഥിയായതും.