മാധ്യമപ്രവര്‍ത്തകയ്ക്ക് മോശം സന്ദേശം; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്
മാതൃഭൂമി ലേഖികയ്ക്ക് മോശം സന്ദേശമയച്ചതിനാണ് കേസ്
മാധ്യമ പ്രവർത്തകയ്ക്ക് വാട്സ് ആപ്പിലൂടെ മോശം സന്ദേശമയച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്ഐആറില്‍ പറയുന്നു.
ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡിയായ എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. മാതൃഭൂമി പത്രത്തിന്‍റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവർത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എൻ പ്രശാന്ത് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ചത്. ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്നാണ് ലേഖിക വാട്സ് ആപ്പില്‍ സന്ദേശമയച്ചത്.
സംഭവം വാർത്തയാവുകയും ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവരികയും ചെയ്തു. തുടർന്ന് പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിരുന്നു.