കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍
കാക്കനാട് സ്വദേശി ഗിരീഷ് കുമാറാണ് പിടിയിലായത്
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരി ജെയ്സി എബ്രഹാമിന്‍റെ കൊലപാതകത്തിൽ സുഹൃത്ത് അടക്കം രണ്ടുപേർ അറസ്റ്റിൽ. ഇൻഫോപാർക്ക് ജീവനക്കാരനായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണവും പണവും തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ 17നാണ് ജെയ്സിയെ കൂനംതൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ വീഴ്ചയിലുണ്ടായ മരണമാകാമെന്ന് സംശയിച്ച പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടുകൂടിയാണ് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്സിയുടെ സുഹൃത്തായ ഗിരീഷ് ബാബുവാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ലോൺ ആപ്പിലൂടെ അടക്കം വായ്പ എടുത്ത് കടക്കണിയിൽ ആയിരുന്ന ഗിരീഷ് ബാബു സ്വർണവും പണവും മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജെയ്സിയുടെ അപ്പാർട്ട്മെന്‍റിലേക്ക് എത്തിയത്.
രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച് ശേഷം ബാഗിൽ എത്തിച്ച ഡമ്പൽ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ അപ്പാർട്ട്മെന്‍റില്‍ ഉണ്ടായിരുന്ന രണ്ടു പവന്‍റെ ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നു. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു കൊലപാതകം എന്നും പൊലീസ് വ്യക്തത വരുത്തിയിട്ടുണ്ട്. അറസ്റ്റിലായ ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ചേർന്ന് രണ്ടു മാസങ്ങൾക്കു മുൻപ് തന്നെ കൃത്യം ആസൂത്രണം ചെയ്തു. സിസി ടിവിയില്ലാത്ത വഴികളിലൂടെ ഹെൽമറ്റ് ധരിച്ച് എത്തി കൊലപ്പെടുത്തിയ ശേഷം കടന്നു കളയുകയായിരുന്നു.
പിന്നീട് പൊലീസിനെ വഴിതെറ്റിക്കാൻ പല വാഹനങ്ങൾ മാറിക്കേറിയായിരുന്നു പ്രതിയുടെ യാത്ര. മോഷ്ടിച്ച സ്വർണം ഇടുക്കിയിലാണ് വിറ്റതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പല ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ പ്രതി ഇന്നലെ കൊച്ചിയിലേക്ക് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.